വേനല്‍ കടുത്തു തുടങ്ങി. വേനൽക്കാലത്ത് കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടേക്കാം. ഈ വേളയില്‍ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയോ ജലാംശം അടങ്ങിയ പഴങ്ങള്‍ കഴിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്. വേനല്‍ക്കാലത്ത് കഴിക്കേണ്ട പഴങ്ങള്‍ ഇതൊക്കെയാണ്....
മാമ്പഴം: വേനല്‍ക്കാലത്ത് കഴിക്കാന്‍ ഏറ്റവും ഉത്തമമായ പഴമാണ് മാമ്പഴം. ജ്യൂസായോ അല്ലാതെയോ മാമ്പഴം കഴിക്കാം. ആന്‍റി ഓക്‌സിഡന്‍റ്സ് ധാരാളം അടങ്ങിയ പഴമായതിനാല്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിയ്ക്കും. കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മാമ്പഴം നേത്രാരോഗ്യത്തിനും ഏറെ നല്ലതാണ്.
തണ്ണിമത്തന്‍: നിര്‍ജ്ജലീകരണം തടയാന്‍ ഏറ്റവും ഉത്തമമാണ് തണ്ണിമത്തന്‍. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ഹൃദ്രോഗം തടയാന്‍ മികച്ചതാണ്. തണ്ണിമത്തനില്‍ ഏകദേശം 90 ശതമാനവും ജലാശം അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡ് അര്‍ഗിനിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന തണ്ണിമത്തന്‍ ശരീരത്തിന്‍റെ പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.
സ്‌ട്രോബറി: വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, പൊട്ടാസ്യം തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയ പഴമാണ് സ്‌ട്രോബറി. സ്‌ട്രോബറി കഴിയ്ക്കുന്നത് ഹൃദ്രോഗം തടയാനും കൊളസ്‌ട്രോളില്‍ നിന്ന് രക്ഷ നേടാനും സഹായിയ്ക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഡയറ്റില്‍ സ്‌ട്രോബറി ഉള്‍പ്പെടുത്തുന്നത് ദഹനത്തിനും ഏറെ നല്ലതാണ്.
പൈനാപ്പിള്‍: ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പഴമാണ് പൈനാപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി മെച്ചപ്പെടാന്‍ സഹായിയ്ക്കും. മാന്‍ഗനീസ്, ഫൈബര്‍, ആന്‍റിഓക്‌സിഡന്‍റ്സ് എന്നിവയാലും സമ്പന്നമാണ് പൈനാപ്പിള്‍. കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ പൈനാപ്പിള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.
ആപ്പിള്‍: ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്‌ടറെ അകറ്റി നിര്‍ത്തുമെന്ന് പറയാറില്ലേ. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ആപ്പിള്‍. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കാനും ഹൃദ്രോഗം തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
ഷമാം: മസ്‌ക് മലണ്‍, കാന്‍റ്‌ലോ പ് എന്നിങ്ങനെ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഷമാമിനെ മലയാളത്തില്‍ തയ്‌ക്കുമ്പളം എന്നും വിളിയ്ക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി സമ്പന്നമായ ഷമാം കഴിയ്ക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടാന്‍ സഹായിയ്ക്കും. ഷമാമില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു. ഷമാമിലുള്ള ബീറ്റാ കരോട്ടീന്‍ തിമിരം തടയാനും കാഴ്‌ചശക്തി മെച്ചപ്പെടുത്താനും സഹായിയ്ക്കും. വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ പഴങ്ങളിലൊന്നാണ് ഷമാം.
പപ്പായ: വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റിഓക്‌സിഡന്‍റ്സ് തുടങ്ങി പോഷക സമ്പന്നമാണ് പപ്പായ. നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിയ്ക്കും. പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ പഴമാണ് പപ്പായ. വേനല്‍ക്കാലത്ത് ചൂട് ശമിപ്പിക്കാന്‍ പപ്പായ നല്ലതാണ്.
ഓറഞ്ച്: സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്‌ത് കഴിഞ്ഞ് ഓറഞ്ച് കഴിയ്ക്കുന്നത് സന്ധിവേദന അകറ്റാന്‍ സഹായിയ്ക്കും. കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചര്‍മ സംരക്ഷണത്തിനും ഓറഞ്ച് ഉത്തമമാണ്.