ടൊറന്‍റോ (കാനഡ) : പ്രമേഹത്തെ തടയാൻ വിറ്റാമിൻ കെ സഹായിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ഗവേഷകർ. ലോകത്ത് 11 പേരിൽ ഒരാൾക്ക് കാണപ്പെടുന്നതും അതേസമയം ചികിത്സയില്ലാത്തതുമായ അസുഖമാണ് പ്രമേഹം. വിറ്റാമിൻ കെയുടെ കുറവും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങൾ മുൻപ് നടന്നിട്ടുണ്ട്.
എന്നാൽ യൂണിവേഴ്‌സിറ്റി ഡി മോൺട്രിയലിൽ (UdeM) നിന്നുള്ള സംഘമാണ് വിറ്റാമിൻ കെ പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. ഗവേഷണ സംഘം നടത്തിയ പഠനത്തിൽ ബീറ്റ സെല്ലുകളിൽ വിറ്റാമിൻ കെയുടെയും ഗാമാ കാർബോക്‌സിലേഷന്‍റെയും ഒരു സംരക്ഷണ സ്വഭാവമുള്ള പങ്ക് കണ്ടെത്തുകയായിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്‍റാണ് വിറ്റാമിൻ കെ.
സെൽ റിപ്പോർട്ട്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗാമാ കാർബോക്‌സിലേഷനിൽ എൻസൈമുകൾ ഉൾപ്പെട്ടിരിക്കുന്നതായും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളിൽ വലിയ അളവിൽ വിറ്റാമിൻ കെ കാണപ്പെടുന്നതായുമാണ് കണ്ടെത്തൽ. ബീറ്റാ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കിൽ അവയ്‌ക്ക് ആവശ്യമായ ഇൻസുലിൻ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ലാത്ത് മൂലമോ ആണ് പ്രമേഹം സംഭവിക്കുന്നതെന്നായിരുന്നു ആരോഗ്യ വിഗദ്‌ധരുടെ ഇതുവരെയുള്ള നിഗമനം.
also read : കൊവിഡ് പോസിറ്റീവ് ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിക്കുന്നത് മരണ സാധ്യത വർധിപ്പിക്കുന്നു: പഠനം പുറത്ത്
അതിനാൽ പ്രമേഹ രോഗത്തെ കുറിച്ചുള്ള ഈ പുതിയ കണ്ടെത്തലിൽ കൂടുതൽ പ്രവർത്തിക്കാൻ താത്‌പര്യമുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഡി മോൺട്രിയലിലെ മെഡിസിൻ അസോസിയേറ്റ് റിസർച്ച് പ്രൊഫസർ മാത്യു ഫെറോൺ പറഞ്ഞു. ഇആർജിപി (ERGP) എന്ന പുതിയ ഗാമാ - കാർബോക്‌സിലേറ്റഡ് പ്രൊട്ടീൻ തിരിച്ചറിയാൻ സാധിച്ചതായി ഗവേഷകർക്കൊപ്പം പ്രവർത്തിച്ച ജൂലി ലാകോംബെയും കൂട്ടിച്ചേർത്തു. ഇൻസുലിൻ സ്രവണം തടസപ്പെടാതിരിക്കാൻ ബീറ്റാ കോശങ്ങളിലെ കാത്സ്യത്തിന്‍റെ ഫിസിയോളജിക്കൽ ലെവൽ നിലനിർത്തുന്നതിൽ വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഡിമെൻഷ്യയ്‌ക്ക് കാരണം : വാഷിങ്‌ടണിൽ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ സ്‌ട്രോക്കിന് ശേഷമുണ്ടാകുന്ന ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് കണ്ടെത്തൽ. സ്‌ട്രോക്ക് അതിജീവിക്കുന്നവരിൽ ഡിമെൻഷ്യ ഉൾപ്പടെയുള്ള അസുഖങ്ങളുടെ തീവ്രത കൂടാനുള്ള സാധ്യതയുള്ളതായി ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്. മിഷിഗൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ സ്‌ട്രോക്ക് സി ഒ ജി പഠനത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ വിവരം. സ്‌ട്രോക്ക് കഴിഞ്ഞവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടുതലാണെങ്കിൽ അവരുടെ ചിന്താ ശേഷി വേഗത്തിൽ നഷ്‌ടമാകാം എന്നാണ് ഗവേഷകർ പറയുന്നത്.