വേനൽചൂട് കനക്കുമ്പോൾ ഉച്ചവെയിലിൽ പുറത്തിറങ്ങുന്നവരുടെ ശരീരത്തിൽ ടാനിങ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോൾ ഇത് ശാരീരികമായും മാനസികമായും വ്യക്തികളെ തളർത്തിയേക്കാം. ശരീരത്തിന്‍റെ നിറം മങ്ങുന്നത് ചിലരുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്.
വേനൽകാലത്ത് ടാനിങ് സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചില ലളിതമായ ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ സൂര്യപ്രകാശം കൊണ്ട് ഉണ്ടാകുന്ന ടാൻ നീക്കം ചെയ്യാം. ആയുർവേദ സ്‌കിൻ കെയർ ആൻഡ് ബ്യൂട്ടി പ്രൊഡക്‌ട് ബ്രാൻഡിന്‍റെ സഹസ്ഥാപകയായ ശ്രീധ സിങ്ങാണ് ഇത്തരത്തിലുള്ള പൊടിക്കൈകൾ പരിചയപ്പെടുത്തുന്നത്.
ആയുർവേദ ബോഡി മാസ്‌ക്: രണ്ട് ടീസ്‌പൂൺ ത്രിഫല ചൂർണം, ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്‌പൂൺ കടലപ്പൊടി, അൽപം റോസ് വാട്ടർ എന്നിവ ഉപയോഗിച്ചാണ് ആയുർവേദ ബോഡി മാസ്‌ക് തയ്യാറാക്കുന്നത്. ഈ മിശ്രിതം ടാൻ ഉള്ള ശരീരഭാഗങ്ങളിൽ പ്രയോഗിച്ച് 15 മിനിറ്റിന് ശേഷം കഴുകിക്കളയുക.
കോഫി ബോഡി സ്‌ക്രബ്: ഒരു ടേബിൾ സ്‌പൂൺ ഫിൽറ്റർ കോഫി പൗഡറിൽ ഒന്നോ രണ്ടോ ടീസ്‌പൂൺ വെളിച്ചെണ്ണ, അര സ്‌പൂൺ പഞ്ചസാര, ഏതാനും തുള്ളി നാരങ്ങ നീര് എന്നിവ ചേർക്കുക. ചേരുവകൾ നന്നായി യോജിപ്പിച്ച ശേഷം, ടാൻ ഉള്ള ശരീരഭാഗങ്ങളിൽ സൗമ്യമായി മസാജ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം ഇത് കഴുകിക്കളയുക. ആഴ്‌ചയിൽ രണ്ട് തവണ ഇത് ആവർത്തിച്ചാൽ മികച്ച ഫലങ്ങൾ ലഭിക്കും.
പപ്പായ മാസ്‌ക്: ചർമ സംരക്ഷണത്തിന് ഏറ്റവും നല്ല ചേരുവകളിൽ ഒന്നാണ് പപ്പായ. ഈ ഫലത്തിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ ചർമത്തിന് നിറം നൽകുന്നതിനും ടാൻ ഒഴിവാക്കുന്നതിനും ഉത്തമമാണ്. പപ്പായ മാസ്‌ക് തയ്യാറാക്കുന്നതിന് ഒരു പാത്രത്തിൽ ഒരു ടേബിൾ സ്‌പൂൺ തേനും പകുതി പഴുത്ത പപ്പായ പൾപ്പും യോജിപ്പിക്കുക.
ശേഷം ടാൻ ഉള്ള ഭാഗങ്ങളിൽ മൃദുവായി പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്‌ത് 20 മിനിറ്റോളം ശീരത്തിൽ വയ്‌ക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം വീര്യം കുറഞ്ഞ മോയ്‌സ്‌ചറൈസർ പുരട്ടുക. ആഴ്‌ചയിൽ രണ്ടുതവണയെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്.
നാൽപ്പാമരാതി തൈലം: ആയുർവേദ ഉത്‌പന്നമായ നാൽപ്പാമരാതി തൈലം സ്ഥിരമായി ദേഹത്ത് തേയ്‌ക്കുന്നത് ശരീരത്തെ പുഷ്‌ടിയുള്ളതും പോഷകപ്രദവുമാക്കുന്നു.
മഞ്ഞൾ, കടവമാവ് പാക്ക്: രണ്ട് ടീസ്‌പൂൺ കടലമാവ്, ഒരു ടീസ്‌പൂൺ പാൽ അല്ലെങ്കിൽ തൈര്, ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കട്ടിയുള്ള പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം വെയിലേറ്റ ഭാഗങ്ങളിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകുക.
വാഴപ്പഴവും തേനും മാസ്‌ക്: പഴുത്ത വാഴപ്പഴം, ഒരു സ്‌പൂൺ തേൻ, അൽപം പാൽ, മലായ് എന്നിവ ചേർത്ത് കുഴക്കുക. മിശ്രിതം ടാൻ ഉള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റോളം വച്ച് കഴുകിക്കളയുക. ചർമത്തിന് തിളക്കം ലഭിക്കാൻ നല്ലതാണ്.
തേങ്ങാപ്പാൽ: വിറ്റാമിൻ സി, ലാക്‌റ്റിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങാപ്പാൽ ഒരു പ്രകൃതിദത്ത ഔഷധമാണ്. ഇത് ചർമത്തിലെ ടാനിങ് ഫലപ്രദമായി ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. തേങ്ങാപ്പാലിൽ ഒരു കോട്ടൺ പാഡ് നനച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റോളം വച്ച ശേഷം വെള്ളത്തിൽ കഴുകിക്കളയുക.
ചുവന്ന പരിപ്പ്, കറ്റാർ വാഴ, തക്കാളി പായ്ക്ക്: കറ്റാർ വാഴ, തക്കാളി, പരിപ്പ് എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ടാൻ ഉള്ള ശരീര ഭാഗത്ത് തേച്ച് പിടിപ്പിച്ച 30 മിനിറ്റിന് ശേഷം കഴുകിക്കളയുക. ആഴ്‌ചയിൽ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
അരിപ്പൊടി ബോഡി സ്‌ക്രബ്: ഒന്നോ രണ്ടോ ടേബിൾ സ്‌പൂൺ അരിപ്പൊടി പാലുമായി യോജിപ്പിക്കുക. ശേഷം മിശ്രിതം മുഖത്തും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും പുരട്ടുക. 20 മിനിറ്റ് വച്ച ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക.
സൺസ്‌ക്രീൻ പുരട്ടുക: ചർമ സംരക്ഷണത്തിനും ടാനിങ് നീക്കം ചെയ്യാനും ശരീരത്തിൽ ഇടയ്‌ക്കിടയ്‌ക്ക് സൺസ്‌ക്രീൻ പുരട്ടുന്നത് നല്ലതാണ്.