ദിനംപ്രതി പുത്തന്‍ ട്രെന്‍റുകള്‍ എത്തിച്ച് യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍ പിടിമുറുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്. ഫുഡ്, ഫാഷന്‍, ട്രാവലിങ് തുടങ്ങിയ വിഭാഗങ്ങളിലായി ആയിരത്തോളം വീഡിയോകളാണ് ടിക് ടോക് ഉപയോക്താക്കളുടെ ഫീഡുകളില്‍ ഓരോ ദിവസവും നിറയുന്നത്. ഇവയില്‍ പലരും ഇന്ന് ആസ്വദിച്ച് കാണുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ്.
രുചിയൂറും വിഭവങ്ങള്‍ കഴിക്കുന്നതും അതിനെകുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതുമായ വീഡോയാകള്‍ പലരും കൊതിയോടെ കാണാറുണ്ട്. എന്നാല്‍ ഇത്തരം വീഡിയോകള്‍ കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഹാനികരമായ ഭക്ഷണസംസ്‌കാരം വളര്‍ത്തുന്നു എന്നാണ് പഠനം. വിഷയത്തില്‍ യുഎസിലെ വെര്‍മോണ്ട് സര്‍വകലാശാല നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പ്ലോസ് വണ്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരു വ്യക്തിയുടെ ശരീരഭാരമാണ് അവരുടെ ആരോഗ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സൂചകം എന്ന സന്ദേശമാണ് ടിക് ടോക് വീഡിയോകള്‍ നല്‍കുന്നത്. ശരീര ഭാരം കുറയ്‌ക്കുന്നതിനും, മെലിഞ്ഞ ശരീര പ്രകൃതം നേടുന്നതിനുമുള്ള പൊടി കൈകള്‍ അവതരിപ്പിക്കുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ജനപ്രിയമായിട്ടുള്ളത്. യുവതലമുറയുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ക്രമരഹിതമായ ഭക്ഷണവും നെഗറ്റീവ് ബോഡി ഇമേജും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഈ കണ്ടെത്തലുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നതാണ് ഗവേഷകരുടെ വാദം.
ഒരു വ്യക്തിയുടെ ശരീരപ്രകൃതി, പോഷകാഹരങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ പഠനം നടത്തിയ ആദ്യ ഗവേഷണം കൂടിയായിരുന്നു ഇത്. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിലെ പത്ത് ട്രെന്‍റിങ് ഹാഷ് ടാഗുകളില്‍ നിന്നുള്ള മികച്ച 100 വീഡിയോകളുടെ സമഗ്രമായ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു നിഗമനങ്ങള്‍. 2020ല്‍ ആരംഭിച്ച പഠനത്തില്‍ ടിക് ടോക് ഉപയോക്താക്കളിലെ എണ്ണത്തിലുണ്ടായ വര്‍ധനവ് തെരഞ്ഞെടുത്ത ഹാഷ് ടാഗുകളുടെ എണ്ണവും കൂട്ടി.
കോടിപ്പേര്‍ തിരയുന്ന 'ഭാരം': പഠനത്തില്‍ 'ഭാരം' എന്ന വിഷയം എത്രത്തോളം സ്വാധീനം ചെലുത്തിയെന്നത് എന്നത് തങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നെന്ന് ഗവേഷക സംഘത്തിലുണ്ടായിരുന്ന മരിസ മിനാഡിയോ പറയുന്നു. കോടിക്കണക്കിന് ആളുകളാണ് ഇന്‍റര്‍നെറ്റിലൂടെ ശരീര ഭാരത്തെ കുറിച്ചുള്ള വിഷയങ്ങള്‍ തിരയുന്നത്. ഇത് നമ്മുടെ സമൂഹത്തില്‍ ഭക്ഷണ സംസ്‌കാരം വഹിക്കുന്ന പങ്കിനെ കുറിച്ച് വ്യക്തമാക്കുന്നതാണെന്നും മരിസ കൂട്ടിച്ചേര്‍ത്തു. ആരോഗ്യം എന്നത് ശരീര ഭാരം എന്ന സൂചകത്തെ അടിസ്ഥാനമാക്കിയെന്ന ചിന്ത വര്‍ധിക്കുകയാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് മരിസയുടെ ഉപദേഷ്‌ടാവായ പോപ്പ് അവകാശപ്പെട്ടു.
ഒരു വ്യക്തിയുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള സമഗ്രമായ രീതി എന്ന നിലയില്‍ ഭാരം ഉള്‍ക്കൊള്ളുന്ന പോഷകാഹാരത്തിന്‍റെ ഉപയോഗവും വളരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആയിരുന്നു യുവിഎം ഹെൽത്ത് ആൻഡ് സൊസൈറ്റി മേജറായ മിനാഡിയോയും ഉപദേഷ്ടാവ് പോപ്പും പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പ്ലാറ്റ്‌ഫോം എന്ന നലിയില്‍ ടിക് ടോക് കേന്ദ്രീകരിച്ചൊരു പഠനം നടത്തിയത്. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ടിക് ടോക് പോലൊരു പ്രമുഖ പ്ലാറ്റ്‌ഫോമിന് സാധിക്കുന്നില്ല എന്ന വിലയിരുത്തലിലാണ് ഇവര്‍ അവസാനം എത്തിയത്.