കൊവിഡ് കാലത്ത് ഭിന്നശേഷിക്കാരിൽ വിഷാദരോഗവും ഉത്കണ്ഠയും വർധിച്ചുവെന്ന് പഠന റിപ്പോർട്ട്. റീഹാബിലിറ്റേഷൻ സൈക്കോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാമൂഹികമായ ഒറ്റപ്പെടലാണ് വിഷാദരോഗത്തിനുള്ള മുഖ്യകാരണമെന്ന് പഠനത്തിന്‍റെ സഹ രചയിതാവ് കൂടിയായ കാത്‌ലീൻ ബോഗാർട്ട്.
കൊവിഡിന് മുമ്പും ഭിന്നശേഷിക്കാർ സാമൂഹിക ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നും എന്നാൽ മഹാമാരിക്കാലത്ത് ഈ ഒറ്റപ്പെടൽ വർധിച്ചുവെന്നും പഠനത്തിൽ പറയുന്നു. ഭിന്നശേഷിക്കാരിൽ രോഗപ്രതിരോധശേഷി കുറവുള്ളതിനാൽ കൊവിഡ് രോഗബാധിതരാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഈ സമയം അവർ കൂടുതൽ ഒറ്റപ്പെടുകയാണെന്ന് പഠനത്തിൽ പറയുന്നു.
വിഷാദ രോഗികളിൽ വൻ ഉയർച്ച
ഭിന്നശേഷിക്കാരായ 441 പേരെയാണ് പഠനത്തിനായി വിധേയമാക്കിയത്. ഇതിൽ 61ശതമാനം പേർക്ക് ഡിപ്രസീവ് ഡിസോഡറും 50 ശതമാനം പേർക്ക് ജനറൽ ആങ്സൈറ്റി ഡിസോഡറും ഉള്ളതായി കണ്ടെത്തി. ഇത് മഹാമാരിക്ക് മുമ്പുള്ള 22 ശതമാനമെന്ന കണക്കിനേക്കാൾ വളരെ കൂടുതലാണെന്നും ബോഗാർട്ട് പറയുന്നു.
ആങ്‌സൈറ്റി ആന്‍റ് ഡിപ്രഷൻ അസോസിയേഷൻ ഓഫ് അമേരിക്ക പ്രകാരം യുഎസ് പൗരന്മാരിൽ വർഷത്തിൽ ഏഴ് ശതമാനം പേർക്ക് വിഷാദരോഗവും മൂന്ന് ശതമാനം പേർക്ക് ഉത്കണ്ഠയും റിപ്പോർട്ട് ചെയ്യാറുണ്ട്.
കൊവിഡ് സമയം അവഗണിക്കപ്പെട്ട വിഭാഗം
മഹാമാരിയുടെ ആദ്യകാലങ്ങളിൽ വെന്‍റിലേറ്റർ സൗകര്യങ്ങൾ, കൊവിഡ് പരിശോധന തുടങ്ങിയവയിൽ ഭിന്നശേഷിക്കാർക്ക് ഒരു പരിഗണനയും ലഭിച്ചിട്ടില്ല. എന്നാൽ തുടർന്ന് പല നയങ്ങളിലും മാറ്റം വന്നെന്നും എന്നാൽ ഇനിയും ചിലത് മാറേണ്ടതായിട്ടുണ്ടെന്നും ബോഗാർട്ട് വ്യക്തമാക്കുന്നു.
ഇന്നും പല നയങ്ങളും ഭിന്നശേഷിക്കാർക്ക് പരിരക്ഷ ലഭിക്കുന്നതിന് തടസമായിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. മഹാമാരി സമയത്ത് പല ആശുപത്രികളും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി അവശ്യ സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ റദ്ദാക്കിയിരുന്നു. ഈ സമയങ്ങളിൽ ഭിന്നശേഷിക്കാരുടെ പല സർവീസുകളും റദ്ദാക്കപ്പെട്ടിരുന്നു.
പഠനത്തിൽ നിന്നുണ്ടായ പ്രതീക്ഷകൾ
സൂം കോളിലൂടെയും ടെലിഹെൽത്ത് സംവിധാനത്തിലൂടെയും ഭിന്നശേഷിക്കാർക്ക് ആശുപത്രിയിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാകും. ഭിന്നശേഷിക്കാരുടെ സംഘടനകൾ വലിയ വെർച്വൽ കമ്മ്യൂണിറ്റി പരിപാടികൾ സംഘടിപ്പിക്കുന്നു.
ഒഹിയോ യൂണിവേഴ്‌സിറ്റിയിലെ പ്രെഫസർ കൂടിയാണ് സഹരചയിതാവായ കാത്‌ലീൻ ബോഗാർട്ട്.
Also read: അർജുൻ ലാൽ സേഥി: രാജ്യ സ്വാതന്ത്ര്യത്തിനായി വിപ്ലവാവേശം വിതച്ച പോരാളി