സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒരാഴ്‌ചത്തെ ഇടവേളയെടുക്കുന്നത് (സോഷ്യൽ മീഡിയ ഡീടോക്‌സ്) ഒരു വ്യക്തിയുടെ ക്ഷേമകാര്യങ്ങൾ മെച്ചപ്പെടുത്തുന്നുവെന്നും വിഷാദത്തിന്‍റെയും ഉത്‌കണ്‌ഠയുടെയും ലക്ഷണങ്ങൾ കുറയ്‌ക്കുന്നുവെന്നും പഠനം. ഒരാഴ്‌ചത്തെ സോഷ്യൽ മീഡിയ ഡീടോക്‌സ് മാനസികാരോഗ്യത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബാത്ത് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനം 'സൈബർ സൈക്കോളജി ബിഹേവിയർ ആൻഡ് സോഷ്യൽ നെറ്റ്‌വർക്കിങ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ ചിലർക്ക് ഇതിലൂടെ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, ട്വിറ്റർ, ടിക്‌ടോക്ക് എന്നിവ ഉപയോഗിക്കാൻ എടുത്തിരുന്ന ഒമ്പത് മണിക്കൂർ സമയമാണ് ഒരാഴ്‌ച കൊണ്ട് ലഭിച്ചത്.
പഠനത്തിനായി ഗവേഷകർ 18നും 72നും ഇടയിൽ പ്രായമുള്ള, ദിവസവും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന 154 വ്യക്തികളെ തെരഞ്ഞെടുത്തു. അവരെ രണ്ട് ഗ്രൂപ്പ് ആയി മാറ്റുകയും ഒരു ഗ്രൂപ്പിനോട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിർത്താനും മറ്റേ ഗ്രൂപ്പിനോട് സാധാരണ പോലെ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. പഠനത്തിന്‍റെ തുടക്കത്തിൽ ഒരോ വ്യക്തിയുടെയും ഉത്‌കണ്‌ഠ, വിഷാദം, ക്ഷേമം എന്നിവ കണക്കാക്കിയിരുന്നു.
പഠനത്തിന്‍റെ തുടക്കത്തിൽ ആഴ്ചയിൽ ശരാശരി 8 മണിക്കൂർ സോഷ്യൽ മീഡിയ ഉപയോഗിച്ചതായി പങ്കെടുത്തവർ റിപ്പോർട്ട് ചെയ്തു. ഒരാഴ്‌ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടവർക്ക്, ഉപയോഗിക്കുന്നത് തുടരുന്നവരെ അപേക്ഷിച്ച് വിഷാദം, ഉത്‌കണ്‌ഠ എന്നിവയുടെ ലക്ഷണങ്ങളില്‍ കാര്യമായ കുറവുണ്ടായതായി കാണപ്പെട്ടു.
ഫലത്തില്‍, സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒരാഴ്‌ചത്തെ ഇടവേള എടുത്തവരിൽ പലരിലും മെച്ചപ്പെട്ട മാനസികാവസ്ഥയും കുറഞ്ഞ ഉത്‌കണ്‌ഠയും സ്ഥിരീകരിക്കപ്പെട്ടു. ചെറിയ ഇടവേളയ്ക്ക് പോലും സ്വാധീനം ചെലുത്താൻ കഴിയും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമം പലർക്കും ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാൽ നിങ്ങൾ മണിക്കൂറുകളോളം അത് ഉപയോഗിക്കുകയും അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി തോന്നുന്നുവെങ്കിൽ അവയുടെ ഉപയോഗം കുറയ്ക്കുന്നത് വളരെ ഫലപ്രദമാണെന്ന് ബാത്ത് സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ഗവേഷകനായ ഡോ. ജെഫ് ലാംബർട്ട് പറഞ്ഞു.