വാഷിങ്ടൺ: സോഷ്യൽ ഐസൊലേഷൻ ഉൾപ്പെടെയുള്ള സാമൂഹിക ജീവിതശൈലി, ന്യൂറോ ഡിജനറേഷൻ അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ. കാനഡയിലെ മക്‌ഗിൽ യൂണിവേഴ്‌സിറ്റിയിലെ കിമിയ ഷാഫിഗിയും സഹപ്രവർത്തകരും ചേർന്ന് ഓപ്പൺ ആക്‌സസ് ജേണലായ PLOS ONE-ൽ പഠനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചു. അൽഷിമേഴ്‌സ് ഡിസീസ് ആൻഡ് റിലേറ്റഡ് ഡിമെൻഷ്യാസ് (എഡിആർഡി) വളർന്നുവരുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയാണ്.
സോഷ്യൽ ഐസൊലേഷൻ അഥവാ ഏകാന്തത എഡിആർഡിയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ സാമൂഹിക ജീവിതശൈലിയും അറിയപ്പെടുന്ന മറ്റ് എഡിആർഡി അപകടസാധ്യത ഘടകങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളമാണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.
പഠനത്തിൽ, ഗവേഷകർ 502,506 യുകെ ബയോബാങ്ക് പങ്കാളികളുടെയും 30,097 ആളുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഏകാന്തത, സാമൂഹിക ഇടപെടൽ, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെട്ട ചോദ്യാവലി രണ്ട് പഠനങ്ങളിലും ഉണ്ടായിരുന്നു. പരിഷ്‌ക്കരിക്കാവുന്ന എഡിആർഡി അപകടസാധ്യത ഘടകങ്ങളും ഏകാന്തതയും സാമൂഹിക പിന്തുണയുടെ അഭാവവും തമ്മിലുള്ള ബന്ധങ്ങൾ പഠനത്തിൽ കണ്ടെത്തി.
അമിതമായി മദ്യപിക്കുകയും പുകവലിക്കുകയും ഉറക്കക്കുറവും അനുഭവിക്കുന്ന വ്യക്തികൾക്ക് കായികക്ഷമത കുറവായിരിക്കും. മുമ്പ് എഡിആർഡിയുമായി ബന്ധപ്പെടുത്തിയിരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ ഘടകങ്ങളായ ഹൃദ്രോഗങ്ങൾ, കാഴ്‌ച അല്ലെങ്കിൽ കേൾവിക്കുറവ്, പ്രമേഹം, ന്യൂറോട്ടിക്, ഡിപ്രസീവ് പെരുമാറ്റങ്ങൾ എന്നിവയും സോഷ്യൽ ഐസൊലേഷൻ അഥവാ സാമൂഹിക ഒറ്റപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജനിതകമോ ആരോഗ്യപരമായതോ ആയ അപകട സാധ്യതകളെക്കാളും എളുപ്പത്തിൽ പരിഷ്‌ക്കരിക്കാവുന്നവയാണ് സാമൂഹിക ഒറ്റപ്പെടൽ എന്നാണ് ഗവേഷകരുടെ അനുമാനം.