ആരോഗ്യ സംരക്ഷണത്തെ പോലെ പ്രധാനമാണ് സൗന്ദര്യ സംരക്ഷണം. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ സൗന്ദര്യ സംരക്ഷണമെന്നത് സുപ്രധാന ദിനചര്യയായിരിക്കുകയാണിപ്പോള്‍. സൗന്ദര്യം സംരക്ഷിക്കാനായി ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മള്‍. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമെല്ലാം സൗന്ദര്യം സംരക്ഷിക്കുന്നതിനുള്ള മുഖ്യഘടകങ്ങളാണ്.
വീട്ടിലിരിക്കുമ്പോള്‍ മുഖത്ത് പുരട്ടാന്‍ ഒരു ക്രീം, പുറത്ത് പോകുമ്പോള്‍ മറ്റൊരു ക്രീം, രാത്രിയില്‍ പ്രത്യേക ക്രീം ഇങ്ങനെയെല്ലാം സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ ചര്‍മ്മത്തിന് ഏറെ വെല്ലുവിളിയാകാറുണ്ട്. പുറത്ത് പോകുമ്പോള്‍ സണ്‍ക്രീം ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ചര്‍മം ഏറെ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വീട്ടില്‍ അവര്‍ മുഖം തുടയ്‌ക്കാന്‍ ഉപയോഗിക്കുന്ന തൂവാല ചിലപ്പോള്‍ ചര്‍മ്മത്തിന്‍റെ നിലവാരം കുറച്ചേക്കാം.
ദിവസവും വൃത്തിയായി കഴുകാത്തതും വെയിലില്‍ കൃത്യമായി ഉണങ്ങാത്തതുമായി തൂവാലയില്‍ വിവിധ ബാക്‌ടീരിയകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അത്തരം ബാക്‌ടീരിയകള്‍ ചര്‍മ്മത്തില്‍ പ്രവേശിക്കുകയും വിവിധ ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തേക്കും. അതുകൊണ്ട് അത്തരം പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ മുഖം തുടയ്‌ക്കാന്‍ ഉപയോഗിക്കുന്ന തൂവാല വൃത്തിയായി കഴുകി വെയിലിലോ അല്ലെങ്കില്‍ ട്രെയറിലോ നല്ലത് പോലെ ഉണക്കി സൂക്ഷിക്കണമെന്ന് ഡോ. ജതിന്‍ പറയുന്നു.
മുഖത്ത് തുടയ്‌ക്കാന്‍ തൂവാലകള്‍ ഉപയോഗിക്കുന്നത് കുറയ്‌ക്കണമെന്നാണ് ഡോക്‌ടര്‍ പറയുന്നത്. തുടയ്‌ക്കുന്നതിന് പകരം മുഖത്തുള്ള വെള്ളം അന്തരീക്ഷത്തിലെ കാറ്റേറ്റ് ഉണങ്ങുന്നതാണ് നല്ലതെന്നും ഡോ.ജതിന്‍ പറഞ്ഞു.
ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍: സൗന്ദര്യ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന വിവിധ തരം ക്രീമുകളുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന മോയ്‌സ്‌ചറൈസറുകള്‍, സെറം എന്നിവ കൃത്യമായ രീതിയില്‍ ഉപയോഗിക്കണം. ഇവയുടെയെല്ലാം ക്രമരഹിതമായ ഉപയോഗം കാരണം ഇവയൊന്നും മുഖത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെയാകുന്നു. മുഖത്ത് ക്രീം പുരട്ടുമ്പോള്‍ ആദ്യം കട്ടി കുറഞ്ഞവ പുരട്ടണമെന്നും ഡോക്‌ടര്‍ പറയുന്നു.
സണ്‍സ് ക്രീം ഉപയോഗം: വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ സണ്‍സ് ക്രീം കൃത്യമായി മുഖത്ത് പുരട്ടുന്നവരാണ് നമ്മള്‍. എന്നാല്‍ വീട്ടില്‍ നിന്നും പോയി തിരിച്ചെത്തുന്നത് വരെ ചര്‍മ്മം സണ്‍സ് ക്രീം സംരക്ഷിക്കുമെന്ന തോന്നല്‍ തെറ്റാണ്. കൃത്യമായ ഓരോ രണ്ട് മണിക്കൂറിലും സണ്‍സ് ക്രീം മുഖത്ത് പുരട്ടേണ്ടതുണ്ട്. പ്രത്യേകിച്ചും മുഖത്ത് ഹൈപ്പര്‍ പിഗ്‌മെന്‍റേഷന്‍ ഉള്ളവര്‍. കൃത്യമായ ഇടവേളകളില്‍ സണ്‍സ് ക്രീം മുഖത്ത് പുരട്ടിയില്ലെങ്കില്‍ മുഖക്കുരു വരികയും ചര്‍മ്മം കൂടുതല്‍ ഇരുണ്ട് പോകുകയും ചെയ്യുമെന്ന് ഡോ. ജതിന്‍ പറഞ്ഞു.
ക്രീമുകളില്‍ വിരലുകള്‍ ഉപയോഗിക്കരുത്: മിക്ക ക്രീമുകളും കൈ വിരലുകള്‍ കൊണ്ടാണ് നാം പുറത്തെടുക്കാറുള്ളത്. കൈ വിരലുകളും നഖങ്ങളും ക്രീമില്‍ മുക്കുന്നത് ബാക്‌ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകും. ഇത് ഏറെ അപകടകരമാണ്. വിരലുകള്‍ക്ക് പകരം സ്‌പാറ്റുല ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് ഡോക്‌ടര്‍ പറയുന്നു.
നിര്‍ജലീകരണം ശ്രദ്ധിക്കുക: വളരെയധികം ഇറുകിയിട്ടുള്ളതും പരുപരുത്തതുമായ ചര്‍മ്മം നിര്‍ജലീകരണത്തിന്‍റെ ലക്ഷണമാണ്. ഇത്തരം ചര്‍മ്മമുള്ളവര്‍ ജലാംശം നിലനിര്‍ത്താന്‍ സഹായകമാകും വിധമുള്ള ക്രീമുകള്‍ ഉപയോഗിക്കണം. ഇത്തരക്കാര്‍ പകല്‍ സമയത്ത് ഹൈലൂറോണിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള മോയ്‌സ്‌ചറൈസര്‍ ഉപയോഗിക്കുകയും രാത്രിയില്‍ കൂടുതല്‍ മോയ്‌സ്‌ചറൈസര്‍ ആയിട്ടുള്ള ക്രീമുകള്‍ പുരട്ടുകയും വേണം.
ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കണം: രാത്രി മുഴുവന്‍ മേക്കപ്പിട്ട് കിടന്നുറങ്ങുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരം ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് രാത്രിയില്‍ മേക്കപ്പിട്ടുള്ള ഉറക്കം ഒഴിവാക്കണമെന്ന് ഡോ. ജതിന്‍ നിര്‍ദേശിക്കുന്നു. സൗന്ദര്യ സംരക്ഷണത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിരവധി ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും.