ബാഴ്‌സലോണ: കുട്ടികളിലെ മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലുള്ള അമിത ഉപയോഗം എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ട വിഷയമാണ്. അത് അവരുടെ ശാരീരികമായ വളര്‍ച്ചയെ മാത്രമല്ല, നാഡി, തലച്ചോറ് സംബന്ധമായ വളര്‍ച്ചയിലും പ്രതികൂലമായി ബാധിച്ചേക്കാമെന്ന പഠനങ്ങളും പുറത്തുവന്നതാണ്. ഇതുവഴി അവര്‍ ചുറ്റുപാടുകളില്‍ നിന്നും അകന്നുമാറി നില്‍ക്കാനിടയുണ്ടെന്നും മുമ്പുള്ള പഠനങ്ങള്‍ അടിവരയിട്ടതാണ്.
സ്‌ക്രീന്‍ടൈം അപകടകാരിയോ: അതുകൂടാതെ കുട്ടികളുടെ അമിതമായ സ്‌ക്രീനിലുള്ള ചെലവിടല്‍ ന്യൂറോകോഗ്നിറ്റീവ് ലേണിങ് ഡിസോർഡേഴ്‌സിന് കാരണമായേക്കാം. നിലവില്‍ അത്തരത്തിലുള്ള മറ്റൊരു പഠനമാണ് പുറത്തുവരുന്നത്. അതായത് ഇത്തരത്തില്‍ സ്‌ക്രീനുകളില്‍ അമിതമായി സമയം ചെലവിട്ട് പോകുന്ന അലസരായ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഹൃദയാഘാത സാധ്യതകള്‍ കൂടുതലാണെന്നാണ് ഈ പഠനത്തിലുള്ളത്. മറ്റൊരര്‍ത്ഥത്തില്‍, ചെറുപ്പത്തിലെ പ്രവര്‍ത്തനരാഹിത്യം പിന്നീട് ഹൃദയാഘാതത്തിലേക്കും സ്‌ട്രോക്കിലേക്കും ഉള്‍പ്പടെ ചെന്നെത്തിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കുവോപിയോയിലെ ഈസ്‌റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ ആൻഡ്രൂ അഗ്ബജെയുടെ നേതൃത്വത്തിൽ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസാണ് ഈ പഠനം പുറത്തുവിട്ടിട്ടുള്ളത്.
പഠനം ഇങ്ങനെ: സ്‌ക്രീനിലെ അമിതമായ ചെലവിടല്‍ ഹൃദയഭാരം വര്‍ധിപ്പിക്കും: 1990കളിലുള്ള കുട്ടികളുടെ ഡാറ്റ ശേഖരിച്ച്, നിലവിലുള്ള അവസ്ഥയുമായി താരതമ്യം ചെയ്‌തുകൊണ്ടുള്ള മള്‍ട്ടിജനറേഷനല്‍ പഠനമാണ് സംഘം നടത്തിയത്. ഇതിനായി 1990-1991 കാലയളവില്‍ ജനിച്ച 14,500 കുട്ടികളുടെ പ്രായപൂര്‍ത്തിയാകുന്നത് വരെയുള്ള ആരോഗ്യവും ജീവിതരീതിയും ഉള്‍പ്പടെ വിവരങ്ങളാണ് സംഘം ശേഖരിച്ചത്. തുടര്‍ന്ന് പഠനത്തിന്‍റെ ഭാഗമായവരില്‍ 55 ശതമാനം പെണ്‍കുട്ടികളോടും 45 ശതമാനം ആണ്‍കുട്ടികളോടും 11 വയസുള്ളപ്പോള്‍ സ്‌മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഏഴ് ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് 15 വയസുള്ളപ്പോഴും, 24 വയസായപ്പോഴും സമാനമായ രീതിയില്‍ ഏഴ് ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഇതിനൊപ്പം ഇടത് വെൻട്രിക്കിളിന്‍റെ എക്കോകാർഡിയോഗ്രാഫും നിരീക്ഷിച്ചു. തുടര്‍ന്ന് ഇവരുടെ ഉയരം, ലിംഗം, രക്തസമ്മര്‍ദം, ശരീരത്തിലെ കൊഴുപ്പ്, പുകവലി ഉപയോഗം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സാമ്പത്തിക നില എന്നീ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
വെറുതെയിരുന്ന സമയവും ഹൃദയവും: ഇവയില്‍ നിന്നും ലഭിച്ച ഫലങ്ങള്‍ അനുസരിച്ച് ഇവര്‍ ഓരോരുത്തരും 11 വയസുള്ളപ്പോള്‍ പ്രതിദിനം 362 മിനുറ്റ് വെറുതെ ഇരുന്നുവെന്നും തുടര്‍ന്ന് കൗമാരത്തിലേക്ക് കടന്നപ്പോള്‍ (15 വയസുള്ളപ്പോള്‍) അലസരായി ഇരുന്ന സമയം ദിനേന 474 മിനുറ്റായി വര്‍ധിക്കുകയായിരുന്നു. മാത്രമല്ല ഇവര്‍ തന്നെ പ്രായപൂര്‍ത്തിയായപ്പോള്‍ (24 വയസ്) പ്രതിദിനം 531 മിനുറ്റായി ഉയര്‍ന്നുവെന്നും കണ്ടെത്തി. അതായത് 13 വര്‍ഷത്തിനിടയില്‍ ഓരോരുത്തരും ശരാശരി 2.8 മണിക്കൂര്‍ സമയം യാതൊരു പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടാതെ ചെലവഴിക്കുകയായിരുന്നുവെന്നും പഠനത്തില്‍ വ്യക്തമായി.
ഇതില്‍ തന്നെ വെറുതെയിരുന്ന സമയങ്ങളില്‍ കൂടുതലും ഇവര്‍ ഓരോരുത്തരും സ്‌ക്രീനുകള്‍ക്ക് മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ എക്കോകാർഡിയോഗ്രാഫിയില്‍ ഹൃദയഭാരം വര്‍ധിച്ചതായും കണ്ടെത്തി. ഇതുമുഖേന പ്രായപൂര്‍ത്തിയായ സമയത്ത് ഇവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകളും വര്‍ധിച്ചു.
Also Read: സൂക്ഷിക്കൂ, പരമ്പരാഗത കാരണങ്ങൾ മാത്രമല്ല, ഇവയും ഹൃദ്രോഗത്തിന് കാരണമായേക്കാം