മനുഷ്യരക്തത്തിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും പ്ലാസ്റ്റിക് കണികകൾ മനുഷ്യരക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്ന് എൻവയോൺമെന്‍റ് ഇന്‍റർനാഷണൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
പാനീയ കുപ്പികൾ നിർമിക്കാനുപയോഗിക്കുന്ന പോളിയെത്തിലീൻ ടെറെഫ്‌തലേറ്റ് (PET), പോളിയെത്തിലീൻ, ഡിസ്‌പോസിബിൾ ഫുഡ് കണ്ടെയ്‌നറുകൾ നിർമിക്കാനുപയോഗിക്കുന്ന പോളിസ്റ്റൈറൈൻ മുതലായവയാണ് രക്ത സാമ്പിളുകളിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയ പ്ലാസ്റ്റിക് ഇനങ്ങൾ. പോളിപ്രൊഫൈലിനും ചെറിയതോതിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം : നേരത്തേയും ഇതുസംബന്ധിച്ച സൂചനകൾ പല പരീക്ഷണങ്ങളിലൂടെയും ലഭിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഗവേഷണം വ്യക്തമാക്കുന്നത്, മനുഷ്യ ശരീരം, ദൈനംദിന ജീവിതത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകൾ ആഗിരണം ചെയ്യുന്നുവെന്നും രക്തത്തിലെ അവയുടെ അളവ് എത്രത്തോളമെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നുമാണ്.
പഠനം സൂചിപ്പിക്കുന്നതനുസരിച്ച്, പ്രധാനമായും വായു, വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് മൈക്രോപ്ലാസ്റ്റിക് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ ചില പ്രത്യേകതരം ടൂത്ത് പേസ്റ്റുകൾ, ലിപ് ഗ്ലോസുകൾ, ടാറ്റൂ മഷി എന്നിവ വഴിയും പ്ലാസ്റ്റിക് കണങ്ങൾ ഉള്ളിലേക്ക് പ്രവേശിക്കാമെന്ന് ഗവേഷകർ പറയുന്നു.
ഗവേഷണരീതി ഇങ്ങനെ : മനുഷ്യരക്തത്തിലെ സൂക്ഷ്‌മമായ നാനോപ്ലാസ്റ്റിക് കണങ്ങളുടെ ട്രെയ്‌സ് ലെവൽ സ്ഥാപിക്കുന്നതിനുള്ള ഒരു വിശകലന രീതി ഗവേഷകസംഘം വികസിപ്പിച്ചെടുത്തു. പഠനത്തിൽ പങ്കെടുത്ത 22 പേരെ ഉൾപ്പെടുത്തി, പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന അഞ്ച് വ്യത്യസ്ത പോളിമറുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി അവരുടെ രക്തസാമ്പിളുകൾ പരിശോധിച്ചു. പരിശോധനയ്‌ക്ക് വിധേയരായവരിൽ ഭൂരിഭാഗം പേരുടെയും രക്തത്തിൽ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നു.
കണ്ടെത്തലുകൾ അതിഗൗരവതരം : 22 ദാതാക്കളുടെ രക്തത്തിലെ പ്ലാസ്റ്റിക് കണങ്ങളുടെ ആകെ സാന്ദ്രത ശരാശരി 1.6 മൈക്രോഗ്രാം/മില്ലിലിറ്റർ ആണ്. ഇത് 1,000 ലിറ്റർ വെള്ളത്തിൽ ഒരു ടീസ്‌പൂൺ പ്ലാസ്റ്റിക് എന്ന അളവിൽ താരതമ്യപ്പെടുത്താവുന്നതാണ്. മനുഷ്യശരീരത്തിൽ പ്ലാസ്റ്റിക് മലിനീകരണം എത്രത്തോളം വ്യാപകമാണെന്നും അത് എത്രത്തോളം ഹാനികരമാണെന്നുമാണ് പുതിയ പഠനം വ്യകത്മാക്കുന്നതെന്ന് അനലിറ്റിക്കൽ കെമിസ്റ്റ് മർജ ലാമോറി പറഞ്ഞു.
നിലവിൽ ഈ കണങ്ങൾ രക്തത്തിലൂടെ മസ്‌തിഷ്‌കം പോലുള്ള അവയവങ്ങളിലേക്ക് നീങ്ങുന്നതിനെ സംബന്ധിച്ചാണ് സംഘം ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: മധുരം കൂടുതല്‍ കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം