ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി രാജ്യവ്യാപക മോക്ക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഏപ്രിൽ 10, 11 തിയതികളില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലെയും പൊതു-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ മോക് ഡ്രില്ലിന്‍റെ ഭാഗമാവണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) സംയുക്ത പ്രസ്‌താവയിലൂടെ അറിയിച്ചിരിക്കുന്നത്.
ആശുപത്രികളുടെ തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിനും മരുന്നുകൾ, ആശുപത്രി കിടക്കകൾ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഓക്സിജൻ എന്നിവയുടെ കണക്കെടുപ്പാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യം മിടുന്നത്. മോക്ക് ഡ്രില്ലിന്‍റെ കൃത്യമായ വിശദാംശങ്ങൾ മാർച്ച് 27 ന് ഷെഡ്യൂൾ ചെയ്ത വെർച്വൽ മീറ്റിങ്ങിലൂടെ സംസ്ഥാനങ്ങളെ അറിയിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കൊവിഡ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചില സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധന കുറഞ്ഞിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ ടെസ്റ്റിങ് ലെവലുകൾ അപര്യാപ്തമാണെന്നും സംയുക്ത പ്രസ്‌താവനയില്‍ പറയുന്നുണ്ട്. "കൊവിഡ് കേസുകളുടെ പുതിയ ക്ലസ്റ്ററിന്‍റെ ആവിർഭാവം പരിഹരിക്കുന്നതിന് അനുയോജ്യമായ പരിഷ്കാരങ്ങളോടെ ഒപ്റ്റിമൽ ടെസ്റ്റിങ് നിലനിർത്തേണ്ടത് പ്രധാനമാണ്. ഉയർന്നുവരുന്ന ഏതെങ്കിലും ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുന്നതിനും വൈറസ് പകരുന്നത് തടയുന്നതിനുള്ള മുൻകൂർ നടപടികൾ കൈക്കൊള്ളുന്നതിനും ഇത് വളരെ പ്രധാനമാണ്". കേന്ദ്ര ആരോഗ്യ മന്ത്രാലയം- ഐസിഎംആർ എന്നിവ പ്രസ്‌താവയില്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്നതിനായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാർച്ച് 10, 16 തീയതികളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടികളുടെ തുടര്‍ച്ചയാണ് പുതിമ മോക് ഡ്രില്‍. ഫെബ്രുവരി പകുതി മുതൽ രാജ്യത്ത് കൊവിഡ് കേസുകളില്‍ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രസ്‌താവനയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ എന്നിവരാണ് ഒപ്പുവച്ചിരിക്കുന്നത്.
ഇന്നുവരെ, രാജ്യത്ത് സജീവമായ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത് കേരളം (26.4 ശതമാനം), മഹാരാഷ്ട്ര (21.7 ശതമാനം), ഗുജറാത്ത് (13.9 ശതമാനം), കർണാടക (8.6 ശതമാനം), തമിഴ്നാട് (6.3 ശതമാനം) തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളിലാണ്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിനേഷൻ നിരക്കിൽ ഗണ്യമായ വര്‍ധനവുണ്ടായതിനാല്‍ തന്നെ രോഗം മൂലമുള്ള ആശുപത്രിവാസത്തിന്റെയും മരണത്തിന്‍റെയും നിരക്കുകൾ കുറവാണ്.
എന്നാല്‍ വൈറസ് ബാധയുടെ ക്രമാനുഗതമായ വർദ്ധനവും കുതിച്ചുചാട്ടവും നിയന്ത്രിക്കേണ്ടതുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയും ഓഗസ്റ്റ് മുതല്‍ ഓക്‌ടോബര്‍ വരെയും ഉണ്ടാകുന്ന ജലദോഷം, ക്ഷീണം, ശ്വസന സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയുടേയും മറ്റ് പകര്‍ച്ചവ്യാധികളുടെയും കാരണം സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.