ഇന്ന് മിക്കവാറും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നമാണ് യൂറിനറി ഇൻകോട്ടിനൻസ് (അറിയാതെ മൂത്രം പോകുന്ന അവസ്ഥ). എന്നാൽ ഇതിന് ചികിത്സ തേടുന്നവരുടെ എണ്ണം വളരെ കുറവാണ്. മുൻകാലങ്ങളിൽ മുതിർന്ന സ്ത്രീകളിലായിരുന്നു ഈ രോഗാവസ്ഥ കാണപ്പെട്ടിരുന്നത്. എന്നാൽ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കാരണം ഇപ്പോൾ യുവതികളിലും ഈ പ്രശ്‌നം സാധാരണമാണ്. 21.3% യുവതികളും യൂറിനറി ഇൻകോട്ടിനൻസ് അനുഭവിക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു.
എന്താണ് യൂറിനറി ഇൻകോട്ടിനൻസ്?: അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥയാണ് യൂറിനറി ഇൻകോട്ടിനൻസ്. മൂത്രസഞ്ചിയിലുള്ള നിയന്ത്രണം നഷ്‌ടപ്പെടുന്നതാണ് ഇതിന് കാരണം. പ്രായമായ സ്ത്രീകളിലും പ്രസവിച്ച സ്ത്രീകളിലും ഇത് സാധാരണമാണ്. ഗർഭപാത്ര സ്ഥാനചലനം (Uterine prolapse), ആവർത്തിച്ച് മൂത്രനാളിയിലുണ്ടാകുന്ന അണുബാധ എന്നിവയാണ് മറ്റ് കാരണങ്ങൾ. പല തരത്തിലുള്ള യൂറിനറി ഇൻകോട്ടിനൻസ് ഉണ്ട്.
1. Urge incontinence: അടിയന്തരമായി മൂത്രമൊഴിക്കാൻ തോന്നുന്നതാണ് Urge incontinence. ശുചിമുറിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അത്യാവശ്യമായി മൂത്രമൊഴിക്കാൻ തോന്നുകയും അതിന്‍റെ ഫലമായി മൂത്രം പോകുകയും ചെയ്യുന്നതാണ് ലക്ഷണം. ഓവർ ആക്‌ടീവ് ബ്ലാഡർ (OAB) എന്നറിയപ്പെടുന്ന അവസ്ഥയിൽ നിന്നാണ് ഇതുണ്ടാകുന്നത്. ദുർബലമായ പെൽവിക് മസിലുകൾ, നാഡീക്ഷതം, അണുബാധ, ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്‍റെ അളവ് കുറയൽ, ഉയർന്ന ശരീരഭാരം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഓവർ ആക്‌ടീവ് ബ്ലാഡർ എന്ന അവസ്ഥയ്ക്ക് കാരണമാകാം.
2. Stress incontinence: ശാരീരിക അധ്വാനത്തിനിടയിൽ മൂത്രം പോകുന്നത് സാധാരണയായി Stress incontinenceന്‍റെ ഫലമാണ്. ഇത്തരം ഇൻകോട്ടിനൻസിൽ പെൽവിക് ഫ്ലോർ മസിലുകൾ ദുർബലമാകുകയും പെൽവിക് അവയവങ്ങളെ താങ്ങാതെ വരികയും ചെയ്യും. ഈ പേശീ ബലഹീനത വ്യക്തി അനങ്ങുമ്പോൾ മൂത്രമൊഴിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ അവസ്ഥയിൽ ചുമയ്‌ക്കുമ്പോഴോ, തുമ്മുമ്പോഴോ, ഓടുമ്പോഴോ, ചാടുമ്പോഴോ, ഭാരമുള്ള വസ്‌തുക്കൾ ഉയർത്തുമ്പോഴോ മൂത്രം പോകുന്നതിലേക്ക് നയിക്കുന്നു.
3. Overflow incontinence: മൂത്രമൊഴിക്കുന്ന അവസ്ഥയിൽ പൂർണമായും മൂത്രം പോയിട്ടില്ലെങ്കിൽ Overflow incontinence ഉണ്ടാകുന്നു. മൂത്രാശയത്തെ ഒരു ജ്യൂസ് കണ്ടെയ്‌നറായി കരുതുക. കണ്ടെയ്‌നറിൽ നിന്ന് അൽപം മാത്രം ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് പകർത്തിയാൽ കണ്ടെയ്‌നർ അനങ്ങുമ്പോൾ ബാക്കിയുള്ള ജ്യൂസ് പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്. Overflow incontinence ഉള്ള ആളുകളുടെ മൂത്രസഞ്ചി ഒരിക്കലും പൂർണമായും ശൂന്യമാകില്ല. അതിനാൽ അറിയാതെ മൂത്രം പോകാനുള്ള സാധ്യത ഏറെയാണ്. സാധാരണഗതിയിൽ ഇത് ഒരു വലിയ അളവിൽ നിന്ന് വിഭിന്നമായി ഇടയ്‌ക്കിടെ ചെറിയ അളവിൽ മൂത്രം പോകുന്നതിന് ഇടയാക്കുന്നു.
4. Mixed incontinence: മൂത്രം പോകുന്നതിലേക്ക് നയിക്കുന്ന ഒന്നിലധികം ഘടകങ്ങളുടെ ഫലമാണ് Mixed incontinence. Stress incontinence ഹൈപ്പർ ആക്റ്റീവ് ബ്ലാഡറും ഇതിൽ ഉൾപ്പെടുന്നു.
യൂറിനറി ഇൻകോട്ടിനൻസിന്‍റെ ലക്ഷണങ്ങൾ:
- മൂത്രശങ്ക തോന്നുമ്പോൾ ശുചിമുറിയിലേക്ക് എത്താൻ കഴിയാതെ വരുന്നത്, ശുചിമുറിയിലേക്ക് തിടുക്കത്തിൽ പോകുന്നതിനും മൂത്രം പോകുന്നതിനും കാരണമാകുന്നു.
- വ്യായാമം ചെയ്യുമ്പോഴോ അനങ്ങുമ്പോഴോ മൂത്രം പോകുന്നത്.
- പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന മൂത്രം പോകുന്നത്.
- തുമ്മുമ്പോഴോ ചിരിക്കുമ്പോഴോ മൂത്രം പോകുന്നത്.
- സർജറിക്ക് ശേഷം മൂത്രം പോകുന്നത്.
- മൂത്രം പോകുന്നു എന്ന തോന്നലില്ലാതെ നനവ് തോന്നുക.
- മൂത്രം പൂർണമായും തീർന്നിട്ടില്ല എന്ന തോന്നൽ
യൂറിനറി ഇൻകോട്ടിനൻസിന്‍റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ:
- ജെൻഡർ: പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് യൂറിനറി ഇൻകോട്ടിനൻസിനുള്ള സാധ്യത വളരെ കൂടുതലാണ്.
- പ്രായം: പ്രായമാകുന്തോറും മൂത്രാശയത്തിന്റെയും മൂത്രനാളിയുടെയും പേശികളുടെ ശക്തി കുറഞ്ഞുവരുന്നു. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മൂത്രസഞ്ചിയുടെ ശേഷി കുറയ്ക്കുകയും അറിയാതെ മൂത്രം പോകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
- അമിതഭാരം: ശരീരത്തിന്‍റെ ഭാരം വർധിക്കുന്നത് മൂത്രസഞ്ചിയിലും ചുറ്റുമുള്ള പേശികളിലും സമ്മർദം വർധിപ്പിക്കുന്നു. ഇത് പേശികളെ ദുർബലമാക്കുകയും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
- കഫീന്‍റെ വർധിച്ച ഉപയോഗം.
യൂറിനറി ഇൻകോട്ടിനൻസിന് വലിയ സങ്കീർണതകൾ ഉണ്ടാകില്ലെങ്കിലും ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. യൂറിനറി ഇൻകോട്ടിനൻസ് കൊണ്ടുണ്ടായേക്കാവുന്ന ചില സങ്കീർണതകൾ:
ചർമ തിണർപ്പ്: സ്ഥിരമായി നനഞ്ഞ ചർമത്തിൽ നിന്ന് തിണർപ്പ്, അണുബാധകൾ, കുമിളകൾ എന്നിവ ഉണ്ടാകാം.
മൂത്രനാളിയിലെ അണുബാധ: ഇൻകോട്ടിനൻസ് ആവർത്തിച്ചുള്ള മൂത്രനാളി അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
വ്യക്തിജീവിതത്തെ ബാധിക്കും: യൂറിനറി ഇൻകോട്ടിനൻസ് സാമൂഹികവും തൊഴിൽപരവും വ്യക്തിപരവുമായ ബന്ധങ്ങളെ ബാധിക്കും.
ഭൂരിഭാഗം സ്ത്രീകളും സ്വന്തം നിലയിലാണ് യൂറിനറി ഇൻകോട്ടിനൻസ് കൈകാര്യം ചെയ്യുന്നത്. ഇവർ വൈദ്യസഹായം തേടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. ഇക്കാര്യം തുറന്നുപറയാൻ സ്ത്രീകൾക്ക് പൊതുവെ മടിയാണ്. ആരോഗ്യരംഗത്തെ പുരോഗതി യൂറിനറി ഇൻകോട്ടിനൻസിനുള്ള ചികിത്സ ലളിതമാക്കി. അതിനാൽ സാധാരണ ജീവിതം നയിക്കുന്നതിന് ഇൻകോട്ടിനൻസ് ഉള്ളയാൾക്ക് ആവശ്യമായ ചികിത്സ തേടാവുന്നതാണ്.