കൊറോണ വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ ബിഎഫ്.7 ചൈനയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുമ്പോള്‍ ഇന്ത്യയിലും ആശങ്ക പടരുകയാണ്. വെറും നാല് കേസുകള്‍ മാത്രമെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രതയിലാണ്. അതിഭീകര വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയവയെ ഫലപ്രദമായ നേരിട്ടിട്ടും രാജ്യം ബിഎഫ്.7നെ ഭയക്കാൻ കാരണമെന്താണ്?
എന്താണ് ബിഎഫ്.7 വകഭേദം: ബിഎഫ്.7 ശ്വാസകോശത്തിന്‍റെ മുകളിലത്തെ ഭാഗത്താണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്. അതായത്, നെഞ്ചിന് മുകള്‍ ഭാഗത്തും തൊണ്ടയിലുമാണ് വൈറസ് ബാധിക്കുന്നത്. അതിനാല്‍ പനി, ജലദോഷം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാവുകയാണെങ്കില്‍ ശ്വാസം തടസം മൂലം ഒരു വ്യക്തി മരണപ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ചില ആളുകളില്‍ വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയവ കാണപ്പെടുന്നു. ലക്ഷണങ്ങള്‍ നേരത്തെ തുടങ്ങുമ്പോള്‍ തന്നെ ഡോക്‌ടറെ കണ്ട് ചികിത്സ തേടണം. ഇത് വൈറസ് വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും.
ഇന്ത്യയിലെ സ്ഥിതി: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 200ല്‍ താഴെ മാത്രം കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ പുതിയ വകഭേദമായ ബിഎഫ്.7 റിപ്പോര്‍ട്ട് ചെയ്‌തത് വെറും നാല് കേസുകള്‍ മാത്രം. അതില്‍ മൂന്ന് കേസുകള്‍ ഗുജറാത്തിലും ഒരെണ്ണം ഒഡിഷയിലുമാണ്.
ബിഎഫ്.7 വകഭേദം ബാധിച്ച നാല് രോഗികളും രോഗനില തരണം ചെയ്‌തുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ വന്ന മറ്റ് വകഭേദങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ പുതിയ വകഭേദത്തിന് തീവ്രത കുറവാണ്. എന്നാല്‍, ഉയര്‍ന്ന അളവില്‍ വൈറസ് പടരുമോ എന്നതാണ് ആരോഗ്യ വിദഗ്‌ധരുടെ ആശങ്ക.
ഇന്ത്യയില്‍ വൈറസ് പ്രവേശിച്ചാല്‍ മറ്റ് വകഭേദങ്ങളെക്കാള്‍ വേഗതയില്‍ ഇവ വ്യാപിക്കുവാന്‍ കാരണമാകും. അതിനാല്‍ തന്നെ രോഗികള്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുക എന്നത് പ്രയാസകരമായിരിക്കും. കൊറോണ വൈറസ് പടര്‍ന്നതിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ചൈനയുടെ സ്ഥിതി ഗുരുതരമായിരുന്നു. എന്നാല്‍, പുതിയ വകഭേദത്തെ തുടര്‍ന്ന് മുന്‍കാലങ്ങളെക്കാള്‍ ചൈനയുടെ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. ഇതിന്‍റെ ഫലമായാണ് ഇന്ത്യയിലും വൈറസ് നാശം വിതയ്‌ക്കുമോ എന്ന് സര്‍ക്കാരും ആരോഗ്യ വിദഗ്‌ധരും ആശങ്കപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായി ജാഗ്രത നിര്‍ദേശം നല്‍കുന്നതിലും അധികൃതര്‍ മുന്നിലാണ്.
വൈറസ് പടരുന്ന മറ്റ് രാജ്യങ്ങള്‍: ബിഎഫ്.7 വകഭേദം ചൈനയില്‍ മാത്രമല്ല, അമേരിക്ക, ഇംഗ്ലണ്ട്, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന അളവില്‍ വൈറസ് വ്യാപിക്കുന്നത് ചൈനയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇംഗ്ലണ്ടില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതെങ്കിലും ശക്തമായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ രാജ്യത്തെ വൈറസ് വ്യാപനം തടയാൻ കാരണമായി.
മുന്‍ കാലങ്ങളില്‍ കൊവിഡ് പ്രതിസന്ധികള്‍ ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിച്ചതാണ് വ്യാപകമായി വൈറസ് പടരാന്‍ കാരണമാകുന്നത്. വാക്‌സിന്‍ യജ്ഞം നടപ്പിലാക്കാത്തതും വൈറസ് അതിവേഗത്തില്‍ പടരുവാനുള്ള മറ്റൊരു കാരണമാണെന്ന് വിദഗ്‌ധര്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലും ബിഎഫ്.7 പടരുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്തിടെയായി മെഡിക്കല്‍ വിദഗ്‌ധരെ സജ്ജമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി അവലോകന യോഗം നടത്തി.
മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ഒരു കൈ അകലം പാലിച്ചും ശക്തമായ നിയന്ത്രണങ്ങള്‍ ഓരോ സംസ്ഥാനങ്ങളും പിന്‍തുടരാനുള്ള നിര്‍ദേശം നല്‍കി. വരാനിരിക്കുന്ന ആഘോഷ ദിവസങ്ങളില്‍ ജനങ്ങളോട് മുന്‍കരുതലെടുക്കുവാനും ആവശ്യപ്പെട്ടു. ബിഎഫ്.7ന്‍റെ വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി ചൈനയില്‍ നിന്നും ഇന്ത്യയിലേയ്‌ക്കുള്ള ഫ്ലൈറ്റുകള്‍ നിരോധിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ നിന്ന് രണ്ട് ശതമാനം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുവാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.