വേനൽക്കാലത്ത് ചർമത്തിനും മുടിയ്‌ക്കും നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമിതമായ സൂര്യപ്രകാശം, വിയർപ്പ്, വായുവിലെ ഈർപ്പക്കുറവ്, പൊടി എന്നിവ മൂലം ചർമത്തിൽ അലർജി, ചൊറിച്ചിൽ, മുഖക്കുരു, താരൻ, വരണ്ട ചർമം, ചുണങ്ങ് തുടങ്ങിയ പ്രശ്‌നങ്ങൾ സാധാരണയായി കണ്ടുവരുന്നവയാണ്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ഡെർമറ്റോളജിസ്റ്റ് ഡോ. ആശ സക്‌ലാനി നിർദേശിക്കുന്നു.
ചർമ പ്രശ്‌നങ്ങൾ: ചൂട് കൂടുതലുള്ള സമയത്ത് പുറത്തിറങ്ങുന്നത് മൂലം സാധാരണയായി ചർമത്തിൽ പൊള്ളൽ, അമിതമായി ടാനിങ് എന്നിവ ഉണ്ടാകാം. കൂടാതെ അമിതമായ വിയർപ്പ് കാരണം മുതുകിലും കഴുത്തിലും മുഖത്തും ചെറിയ ചുവന്ന പാടുകളുടെ രൂപത്തിൽ ചുണങ്ങുകളും രൂപപ്പെടാം.വിയർപ്പ് മൂലം സുഷിരങ്ങൾ അടയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
വായുവുമായി നേരിട്ട് സമ്പർക്കം പുലർത്താതും വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നതുമായ തുട, കക്ഷം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിൽ ഫംഗസ്, ബാക്‌ടീരിയ തുടങ്ങിയ അണുബാധകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അമിതമായ ചൊറിച്ചിൽ, പൊള്ളൽ, വീക്കം, വേദന എന്നിവ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം.
മുടിയുടെ പ്രശ്‌നങ്ങൾ: വേനൽക്കാലത്ത് തലയിൽ അമിതമായ വിയർപ്പ് കാരണം ആളുകൾ ദിവസവും തല കഴുകുന്നത് ശീലമാക്കും. അത്തരം സാഹചര്യങ്ങളിൽ, രാസവസ്‌തുക്കൾ അടങ്ങിയ ഷാംപൂകൾ പതിവായി ഉപയോഗിക്കുകയാണെങ്കിൽ തലയോട്ടി വരണ്ടുപോകുകയും താരൻ, കുരുക്കള്‍, ചൊറിച്ചിൽ, മുടി ദുർബലമാവുക, അമിതമായ പൊട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. വേനൽക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിൽ ശുചിത്വത്തിനൊപ്പം ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
Also Read: വേനലിനെ ഭയക്കേണ്ട, ശരീരത്തിലെ ടാൻ നീക്കാം ഈസിയായി, പത്ത് പൊടിക്കൈകൾ
ആരോഗ്യ സംരക്ഷണത്തിനായി എടുക്കേണ്ട മുൻകരുതലുകൾ
- എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ പഴങ്ങളുടെയും വെള്ളത്തിന്‍റെയും അളവ് വർധിപ്പിക്കുക.
- കരിക്ക്, തൈര്, പോപ്പി സീഡ് സിറപ്പ്, റോസ് സിറപ്പ് എന്നീ ആരോഗ്യകരവും പ്രകൃതിദത്തവുമായ ദ്രാവകങ്ങള്‍ അധികമായി കുടിക്കുക.
- വേനൽക്കാലത്ത് പതിവായി കുളിക്കുക. അമിതമായ വിയർപ്പ് ഉണ്ടാകുമ്പോൾ ദിവസവും രണ്ടുതവണ കുളിക്കുന്നത് നല്ലതാണ്. പക്ഷെ ശരീരത്തിലെ വിയർപ്പ് ഉണങ്ങിയ ശേഷം മാത്രം കുളിക്കുക.
- രാസവസ്‌തുക്കൾ അടങ്ങിയ സോപ്പുകളോ ഷാംപൂകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ദിവസവും ചർമത്തിൽ മോയ്‌സ്‌ചറൈസർ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുക.
- ചൂട് കൂടുതലുള്ള സമയത്ത് പുറത്തിറങ്ങുമ്പോൾ നിലവാരമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.
- അണുബാധ ഒഴിവാക്കാൻ വിയർപ്പ് നിറഞ്ഞ വസ്‌ത്രങ്ങള്‍ അധിക നേരം ധരിക്കുന്നത് ഒഴിവാക്കുക.
- അയഞ്ഞ കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കുന്നതിന് മുൻഗണന നൽകുക.
- ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ തലയിൽ സ്‌കാർഫ് കെട്ടാൻ ശ്രമിക്കുക.
- അമിതമായി വിയർക്കുന്ന സാഹചര്യത്തിൽ മുടി വായുവിൽ ഉണക്കാൻ ശ്രമിക്കുക.
- ആവശ്യമെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി പതിവായി കഴുകുക.
- ചൊറിച്ചിലും അസ്വാസ്ഥ്യവും കൂടിയാൽ കറ്റാർവാഴ ജെൽ അല്ലെങ്കിൽ ലോഷൻ എന്നിവ ഉപയോഗിക്കുക.
- അലർജിയോ കൂടുതൽ ചർമ പ്രശ്‌നങ്ങളോ ഉണ്ടായാൽ ആരോഗ്യ വിദഗ്‌ധരെ സമീപിക്കുക.