വാഷിങ്‌ടണ്‍ : ക്രോണിക് ഒബ്‌സ്ട്രക്‌റ്റീവ് പള്‍മണറി ഡിസീസ്(സിഒപിഡി) ശരിയായ ഉറക്കം കിട്ടാത്തവരില്‍ രൂക്ഷമാകുമെന്ന് പഠനം. ശ്വസം എടുക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന, ദീര്‍ഘകാലം നിലനില്‍ക്കുന്ന, ശ്വാസകോശങ്ങളുടെ രോഗാതുരമായ അവസ്ഥയെയാണ് സിഒപിഡി എന്ന് പറയുന്നത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന പല രോഗങ്ങളുടേയും ഒരു കൂട്ടത്തെയാണ് സിഒപിഡി എന്ന് വിളിക്കുന്നത്.
ഉറക്കം ശരിയായി കിട്ടാത്തവരില്‍ സിഒപിഡി പെട്ടെന്ന് തീവ്രമാകുന്നത് 25 ശതമാനം മുതല്‍ 90 ശതമാനം വരെ ഉറക്കം ശരിയായി കിട്ടുന്നവരേക്കാള്‍ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു വ്യക്തിയുടെ പുകവലിയേക്കാളും സിഒപിഡിയുടെ പെട്ടെന്നുള്ള രൂക്ഷമാകലിന്(flare-ups) കാരണമാവുക ശരിയായ അളവില്‍ ഉറക്കം കിട്ടാതിരിക്കുന്നതാണെന്നാണ് ഈ നിരീക്ഷണ പഠനത്തില്‍(observational study)വ്യക്തമായത്.
ഉറക്കവും സിഒപിഡിയും തമ്മിലുള്ള ബന്ധം എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടി നടത്തിയ ഏറ്റവും വിപുലമായ പഠനമാണിത്. യുഎസിലെ സര്‍ക്കാര്‍ ഏജന്‍സിയായ എന്‍എച്ച് എല്‍ബിഐ(NHLBI)യുടെ ധനസഹായത്തില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്ലീപ്( SLEEP) എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉറക്കമില്ലായ്‌മ ശരീരത്തിന്‍റെ പ്രതിരോധത്തെ ദുര്‍ബലമാക്കും : സിഒപിഡിയുടെ ഫ്ലേര്‍അപ്പ് ചിലപ്പോള്‍ ആഴ്‌ചകളോളം നിലനില്‍ക്കും. അന്തരീക്ഷ മലിനീകരണം ജലദോഷപ്പനി എന്നിവയാണ് സിഒപിഡി ഫ്ലേര്‍അപ്പിന് തിരികൊളുത്തുന്നത്. ഉറക്കം ആവശ്യത്തിന് കിട്ടാതിരിക്കുന്ന സാഹചര്യം നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും തന്‍മൂലം സാധാരണ ജലദോഷപ്പനിക്ക് കാരണമായ വൈറസിന്‍റെ ആക്രമണവേഗത വര്‍ധിക്കുകയും ചെയ്യുന്നു.
സിഒപിഡി ഉള്ള ആളുകള്‍ക്ക് ഉറക്കത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് ഇതിനുമുമ്പുതന്നെ അറിവുള്ളതാണ്. എന്നാല്‍ ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥ സിഒപിഡി ഫ്ലേയര്‍അപ്പിന് തിരികൊളുത്തുമെന്നുള്ളതില്‍ വേണ്ടത്ര പഠനം നടന്നിരുന്നില്ല. ഇതില്‍ ശാസ്‌ത്രലോകത്തിന് ഉണ്ടായിരുന്ന വിവരങ്ങളുടെ വിടവ് നികത്തുന്നതാണ് പുതിയ പഠനം.
സിഒപിഡിയുള്ള 1,647 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ എല്ലാവരും മുന്‍പ് പുക വലിച്ചിരുന്നവരോ നിലവില്‍ പുകവലിക്കുന്നവരോ ആയിരുന്നു. മൂന്ന് വര്‍ഷക്കാലത്ത് ഇവരില്‍ ഉണ്ടായ സിഒഡി ഫ്ലേര്‍അപ്പുകളെ ഇവരുടെ ഉറക്കത്തിന്‍റെ രീതിയുമായി താരതമ്യം നടത്തിയാണ് ഗവേഷകര്‍ കണ്ടെത്തലുകള്‍ നടത്തിയത്.
നല്ല രീതിയിലുള്ള ഉറക്കം കിട്ടിയവരേക്കാള്‍ ഏറ്റവും മോശം ഉറക്കം കിട്ടിയവര്‍ക്ക് സിഒപിഡി ഫ്ലേര്‍അപ്പിനുള്ള സാധ്യത 95 ശതമാനം കൂടുതലാണെന്നാണ്കണ്ടെത്തിയത്. മോശം ഉറക്കം എന്ന വിഭാഗത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്നവര്‍ക്ക്, നല്ല ഉറക്കം കിട്ടിയ വിഭാഗത്തേക്കാള്‍ സിഒപിഡി ഫ്ലേര്‍അപ്പിനുള്ള സാധ്യത 25 ശതമാനം കൂടുതലാണെന്നും കണ്ടെത്തി.
ഈ പഠനം അമേരിക്കയിലെ കറുത്ത വിഭാഗങ്ങള്‍ക്കിടയില്‍ സിഒപിഡി എന്തുകൊണ്ട് രൂക്ഷമാകുന്നു എന്നുള്ളതിലേക്ക് വെളിച്ചം വീശുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. അമേരിക്കയിലെ മറ്റ് വംശങ്ങളില്‍പ്പെട്ടവരേക്കാള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഉറക്കം കുറവാണെന്ന് മുന്‍പ് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.