വാഷിങ്‌ടണ്‍: ഗുരുതരമായ കാന്‍സര്‍ വകഭേദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. പാന്‍ക്രിയാസിന് ചുറ്റും അനിയന്ത്രിതമായി കോശങ്ങള്‍ വളരുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ഏറ്റവും വേദന നിറഞ്ഞ കാന്‍സര്‍ കൂടിയാണിത്.
പുരുഷന്മാരെക്കാള്‍ സ്‌ത്രീകള്‍ക്കിടയിലാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ നിരക്ക് കൂടുതല്‍ എന്ന് പുതിയ പഠനം. സെഡാര്‍ സിനായ് കാന്‍സര്‍ സെന്‍ററിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. രാജ്യ വ്യാപകമായി ബൃഹത്തായ സര്‍വേ സംഘടിപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. അവരുടെ കണ്ടെത്തലുകള്‍ ഗ്യാസ്ട്രോഎൻട്രോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരുഷന്‍മാരെ അപേക്ഷിച്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്‌ത്രീകളില്‍ അതിവേഗം വര്‍ധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്തി ഭാവിയില്‍ കൂടുതല്‍ സ്‌ത്രീകളെ ബാധിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് സെഡാർ സിനായിലെ റിസർച്ച് അസോസിയേറ്റ് ഡയറക്‌ടറും മുതിർന്ന എഴുത്തുകാരനുമായ ശ്രീനിവാസ് ഗദ്ദാം പറഞ്ഞു.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്ന ഭീകരന്‍: ആമാശയത്തിന് തൊട്ടുപിന്നിലായി സ്ഥിതി ചെയ്യുന്ന പാൻക്രിയാസ്, ഭക്ഷണത്തെ ദഹിപ്പിക്കാനും ഷുഗര്‍ സംസ്‌കരിക്കാനും സഹായിക്കുന്ന എൻസൈമുകളും ഹോർമോണുകളും ഉത്‌പാദിപ്പിക്കുന്നു. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് മരണ നിരക്ക് കൂടുതല്‍ പാന്‍ക്രിയാറ്റിക് കാന്‍സറിലാണ്. യുഎസിലെ കാന്‍സര്‍ മരണങ്ങളില്‍ മൂന്ന് ശതമാനം മരണങ്ങളും സംഭവിക്കുന്നത് പാന്‍ക്രിയാറ്റിക് കാന്‍സര്‍ മൂലമാണ്. പുരുഷന്മാരെക്കാള്‍ സ്‌ത്രീകളില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ സര്‍വസാധാരണമാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.
പഠനം ഇങ്ങനെ: നാഷണല്‍ പ്രോഗ്രാം ഓഫ് കാന്‍സര്‍ രജിസ്‌ട്രീസ് (എന്‍സിപിആര്‍) ഡാറ്റാബേസില്‍ നിന്ന് 2001 നും 2018 നും ഇടയില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചവരെ കണ്ടെത്തിയായിരുന്നു സര്‍വേ. പുരുഷന്മാരിലും സ്‌ത്രീകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധ വര്‍ധിച്ചതായി കണ്ടെത്തി. എന്നാല്‍ 55 വയസിന് താഴെയുള്ള സ്‌ത്രീകളില്‍ അതേ പ്രായത്തിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ 2.4 ശതമാനം വര്‍ധിച്ചതായി തെളിഞ്ഞു. പ്രായമായ പുരുഷന്മാരിലും സ്‌ത്രീകളിലും സമാനമായ വര്‍ധനവ് തന്നെയാണ് നിരീക്ഷിക്കപ്പെട്ടത്.
അതിജീവനം കൂടുതല്‍ പുരുഷന്മാരില്‍: പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഭേദമാകുന്ന കണക്ക് പരിശോധിച്ചാല്‍ പുരുഷന്മാരിലാണ് കൂടുതല്‍. സ്‌ത്രീകള്‍ക്കിടയിലെ മരണ നിരക്കില്‍ ഗണ്യമായ കുറവൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ശ്രീനിവാസ് ഗദ്ദാം പറഞ്ഞു. പാന്‍ക്രിയാറ്റിക് കാന്‍സറില്‍ തന്നെ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് പാൻക്രിയാറ്റിക് ഹെഡ് അഡിനോകാർസിനോമ ആണ്. അതായത് പാന്‍ക്രിയാസിന്‍റെ മുകള്‍ ഭാഗത്ത് ബാധിക്കുന്ന ട്യൂമറാണ് പാൻക്രിയാറ്റിക് ഹെഡ് അഡിനോകാർസിനോമ. ഇത് കൂടുതല്‍ മാരകമായ രോഗമാണ്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ അകറ്റി നിര്‍ത്താം: പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്‌താല്‍ ഒരു പരിധി വരെ പാന്‍ക്രിയാറ്റിക് കാന്‍സറിനെ അകറ്റി നിര്‍ത്താനാകും എന്നാണ് ഗദ്ദാം പറയുന്നത്. ശരീര ഭാരം നിയന്ത്രിക്കുന്നതും പ്രധാനമാണ്.
ഈ ലക്ഷണങ്ങള്‍ അവഗണിക്കേണ്ട: വിട്ടുമാറാത്ത വയറുവേദന ആണ് പാന്‍ക്രിയാറ്റിക് കാന്‍സറിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടാല്‍ അത് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആയി തെറ്റിദ്ധരിക്കാറും ഉണ്ട്. വിട്ടുമാറാത്ത വയറുവേദനയ്‌ക്ക് പുറമെ ഗണ്യമായി ഭാരം കുറയുക, ചര്‍മത്തില്‍ മഞ്ഞ നിറം, കണ്ണുകളില്‍ വിളര്‍ച്ച എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കാരണം ഇവ പാന്‍ക്രിയാറ്റിക് കാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.