ലണ്ടന്‍ : ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രമേ ലോങ് കൊവിഡിന് കാരണമാകുകയുള്ളൂവെന്ന് യുകെയില്‍ നടത്തിയ പഠനം. പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് യുകെയിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ് വന്ന് നാല് ആഴ്‌ചയോ അതില്‍ കൂടുതലോ കാലം നിലവിലുള്ള രോഗലക്ഷണങ്ങള്‍ തുടരുകയോ പുതിയ രോഗലക്ഷണം ഉണ്ടാകുകയോ ചെയ്യുന്നതിനെയാണ് ലോങ് കൊവിഡ് എന്ന് പറയുന്നത്.
തളര്‍ച്ച, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഏകാഗ്രത കുറവ്, സന്ധികളിലെ വേദന എന്നിവയാണ് ലോങ് കൊവിഡിന്‍റെ ലക്ഷണങ്ങള്‍. ദൈനംദിന പ്രവര്‍ത്തനങ്ങളെ ലോങ് കൊവിഡ് ബാധിക്കുന്നു. പ്രായവും വാക്‌സിന്‍ എടുത്തതിന് ശേഷമുള്ള സമയത്തെയും ആശ്രയിച്ച് ഒമിക്രോണ്‍ വ്യാപന ഘട്ടത്തില്‍ ഡെല്‍റ്റാ ഘട്ടത്തെക്കാള്‍ ലോങ് കൊവിഡ് പിടിപെടുന്നത് 20 മുതല്‍ 50 ശതമാനം വരെ കുറവായിരുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഒമിക്രോണ്‍ വകഭേദം കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രമെ ലോങ് കൊവിഡിന് കാരണമാകുന്നുള്ളൂവെങ്കിലും ഇപ്പോഴും കൊവിഡ് പിടിപെടുന്ന 23 പേരില്‍ ഒരാള്‍ക്ക് ലോങ് കൊവിഡ് ഉണ്ടാകുന്നുവെന്ന് പഠനത്തിന് നേതൃത്വം വഹിച്ച ലണ്ടനിലെ കിങ്‌സ് കോളജിലെ പ്രഫസര്‍ ക്ലയര്‍ സ്റ്റീവ്‌സ് പറഞ്ഞു.
ഒമിക്രോണ്‍ വ്യാപന ഘട്ടമായ 2021 ഡിസംബര്‍ 20 മുതല്‍ 2022 മാര്‍ച്ച് 9 വരെ യുകെയില്‍ കൊവിഡ് പോസിറ്റീവായ 56,003 പേരുടെ ആരോഗ്യ വിവരങ്ങള്‍ ആദ്യം ഗവേഷകര്‍ ശേഖരിച്ചു. അതിന് ശേഷം ഡെല്‍റ്റ വ്യാപന ഘട്ടമായ ജൂണ്‍ 1 2021 മുതല്‍ നവംബര്‍ 27 2021വരെ കൊവിഡ് പോസിറ്റീവായ 41,361പേരുടെ രോഗവിവരങ്ങളുമായി ഇവ താരതമ്യം ചെയ്യുകയായിരുന്നു. ഈ താരതമ്യത്തില്‍ വ്യക്തമായത് ഒമിക്രോണ്‍ കേസുകളില്‍ 4.4 ശതമാനം കേസുകള്‍ ലോങ് കൊവിഡിന് കാരണമായെങ്കില്‍, ഡെല്‍റ്റ കേസുകളില്‍ ഇത് 10.8 ശതമാനം ആണെന്നാണ്.
ശതമാന കണക്കില്‍ കുറവാണെങ്കിലും ആകെ എണ്ണത്തിന്‍റെ കണക്കെടുത്താല്‍ ഒമിക്രോണ്‍ വ്യാപന ഘട്ടത്തിലാണ് കൂടുതല്‍ ലോങ് കൊവിഡ് കേസുകള്‍ ഉണ്ടായത്. ഇതിന് കാരണം ഡെല്‍റ്റ കാലഘട്ടത്തെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഡിസംബര്‍ 2021 മുതല്‍ ഫെബ്രുവരി 2022 വരെയുള്ള കാലഘട്ടത്തില്‍ കൊവിഡ് പിടിപെട്ടതാണെന്ന് ഗവേഷകര്‍ പറഞ്ഞു. യുകെ അധികൃതര്‍ കണക്കാക്കിയത് യുകെയില്‍ ലോങ് കൊവിഡ് പിടിപ്പെട്ട ആളുകളുടെ എണ്ണം 2022 ജനുവരിയില്‍ 13 ലക്ഷമായിരുന്നത് 2022 മെയ് ഒന്നായപ്പോള്‍ 20 ലക്ഷമായി വര്‍ധിച്ചു എന്നാണ്.