പുതുമകളുടെ ലോകത്ത് എപ്പോഴും പാറി നടക്കാന്‍ താത്പര്യമുള്ളവരാണ് കുട്ടികളിലധികവും. കളിയും തമാശകളുമായി ഏപ്പോഴും പുറത്തും അകത്ത് കളിച്ച് നടക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യ കാര്യങ്ങളൊന്നും ശ്രദ്ധിക്കാനുള്ള സമയമുണ്ടാകില്ല. ഇനിയിപ്പോള്‍ സമയമുണ്ടെങ്കിലും അത്തരം കാര്യങ്ങള്‍ കൃത്യമായി ചെയ്യാനുള്ളൊരു മനോഭാവം അവരില്‍ ഉണ്ടാകണമെന്നില്ല. കാരണം മറ്റൊന്നുമല്ല അവരിപ്പോള്‍ കുട്ടികളാണെന്നത് മാത്രമാണ്.
ജീവിതത്തിലെ ഓരോ കാര്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടത് അനിവാര്യമാണ്. കാരണം ചെറുപ്പത്തില്‍ എന്താണോ അവര്‍ ശീലിച്ചത് അത് തന്നെയാണ് തുടര്‍ന്നുള്ള ജീവിതത്തിലും അവര്‍ പിന്തുടര്‍ന്ന് പോകുക. ആരോഗ്യ കാര്യങ്ങളിലും വൃത്തിയുടെ കാര്യത്തിലുമെല്ലാം അവരെ പറഞ്ഞ് ചെയ്യിപ്പിക്കേണ്ടതായി വരും. ഇക്കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമമാണ്. എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
കൗമാരക്കാരിലെ വ്യക്തി ശുചിത്വം: സൗന്ദര്യ സംരക്ഷണത്തെക്കാള്‍ സ്‌ത്രീകള്‍ പ്രാധാന്യം നല്‍കേണ്ടത് ശരീര ശുചിത്വത്തിന് തന്നെയാണ്. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ബാല്യം മുതല്‍ കൗമാരം വരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാലയളവിലാണ് പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടാകുന്നത്.
ആണ്‍കുട്ടികളെ അപേക്ഷിച്ച് വളരെ പെട്ടന്നാണ് പെണ്‍കുട്ടികളില്‍ വളര്‍ച്ചയുണ്ടാകുന്നതെന്ന് പറയാം. വളര്‍ച്ചയുടെ ഈ സമയത്ത് പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അടക്കം നിരവധി മാറ്റങ്ങളാണ് സംഭവിക്കുക. ഇക്കാലയളവിലാണ് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇന്ത്യയില്‍ ഓരോ ദിവസവും പ്രസവിക്കുന്ന സ്‌ത്രീകളുടെ കണക്കെടുത്ത് നോക്കിയാല്‍ അവയില്‍ നാലില്‍ ഒരു ശതമാനം പോഷകാഹാര കുറവുള്ളവരാണെന്നാണ് യുനിസെഫ് പറയുന്നത്. സ്ത്രീകളിലെ പോഷകാഹാര കുറവ് എന്ന പ്രശ്‌നം ഗര്‍ഭാവസ്ഥയില്‍ മാത്രം ആശങ്കയുണ്ടാക്കുന്നതല്ല മറിച്ച് അത്തരം പോരായ്‌മകള്‍ പെണ്‍കുട്ടികളുടെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. പെണ്‍കുട്ടികളുടെ ശൈശവം മുതല്‍ കൗമാരം വരെയുള്ള കാലയളവിലെ അവരുടെ ശുചിത്വം ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്.
ആവശ്യത്തിനുള്ള ശാരീരിക ശുചിത്വം ഇല്ലാത്തവരില്‍ വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമൊകുമെന്നും പഠനങ്ങള്‍ പറയുന്നു. കൗമാരക്കാലത്തിന്‍റെ ആരംഭത്തോടെ തന്നെ മിക്ക പെണ്‍കുട്ടികളിലും ആര്‍ത്തവം ആരംഭിക്കാറുണ്ട്. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന രക്തം അവരുടെ ശരീരത്തില്‍ ബലഹീനതകളൊന്നും സൃഷ്‌ടിക്കുന്നില്ല. എന്നാല്‍ ശരീരത്തില്‍ നിന്ന് പുറന്തളപ്പെടുന്ന അശുദ്ധ രക്തത്തിനൊപ്പം ശരീരത്തിനാവശ്യമായ ധാതുക്കളും ലോഹങ്ങളും കൂടി പുറന്തളപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിലുള്ള പോഷകാഹാരം നല്‍കേണ്ടത് അത്യാവശ്യമാണ്.
ആര്‍ത്തവ സമയങ്ങളില്‍ പെൺകുട്ടികളിൽ മൂത്രാശയത്തിലോ യോനിയിലോ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍ സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ സമയത്ത് മാത്രമല്ല ഏതൊരു സാഹചര്യത്തിലും വൃത്തി നിലനിര്‍ത്തണം. വൃത്തിയില്ലാത്ത സാഹചര്യങ്ങള്‍ പ്രത്യുല്‍പാദന ശേഷിയെയും വൃക്കയുടെ ആരോഗ്യത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്.
വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുട്ടികളില്‍ ഉയരവും ഭാരവും വര്‍ധിക്കുകയും ചെയ്യുമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ശിശുരോഗ വിദഗ്‌ധന്‍ ഡോ.രതി ഗുപ്‌ത പറയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ പ്രായത്തിൽ കൂടുതൽ പോഷകാഹാരം ആവശ്യമാണ്. എന്നാൽ പെൺകുട്ടികളിലെ ഈ മാറ്റങ്ങൾ ആൺകുട്ടികളേക്കാൾ വളരെ വേഗത്തിൽ സംഭവിക്കുന്നതിനാലും അവർക്ക് മാസം തോറും ആര്‍ത്തവം സംഭവിക്കുന്നതും കൊണ്ട് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകും അതിനെ തരണം ചെയ്യുന്നതിന് അവരില്‍ കൂടുതല്‍ പോഷകാഹാരം നല്‍കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് ഇരുമ്പിന്‍റെയും മറ്റ് പോഷകങ്ങളുടെയും കുറവ് കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിനും അവരുടെ വളര്‍ച്ചയ്‌ക്കും പോഷകാഹാരം നല്‍കേണ്ടത് സുപ്രധാനമാണ്. അതിനാല്‍ അവര്‍ക്ക് അത്തരത്തിലുള്ള ഭക്ഷണ പാനീയങ്ങള്‍ നല്‍കണമെന്നും ഡോ.രതി ഗുപ്‌ത പറഞ്ഞു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ, വിവിധ തരത്തിലുള്ള വിറ്റാമിനുകൾ, കാൽസ്യം, മിനറൽ, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം കഴിക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ വിദഗ്‌ധ ഡോ.ദിവ്യ ഗുപ്‌ത പറയുന്നു.
പ്രത്യേകിച്ചും പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം 10 മുതല്‍ 18 വയസ് വരെയുള്ളവര്‍ പ്രതിദിനം ശരാശരി 2000 കലോറിയും 58 ഗ്രാം പ്രോട്ടീനും 600 മില്ലിഗ്രാം കാൽസ്യവും കഴിക്കേണ്ടത് അത്യാവശ്യമാണ്. അതിനൊപ്പം തന്നെ ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളവും കുടിക്കണമെന്ന് ഡോ.ദിവ്യ പറയുന്നു.
ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യം: ശരീരത്തിന് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിനൊപ്പം ശുചിത്വത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടതും അത്യാവശ്യമാണെന്ന് ഉത്തരാഖണ്ഡിലെ ഗൈനക്കോളജിസ്റ്റായ ഡോ.വിജയലക്ഷ്‌മി പറയുന്നു. ആര്‍ത്തവത്തെ കുറിച്ച് നേരത്തെ തന്നെ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നത് തെറ്റാണെന്ന ധാരണയുള്ളവര്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇതിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടത് അത്യാവശ്യാമാണെന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നതാണ് വാസ്‌തവം.
സമകാലിക സമൂഹത്തിലും ആർത്തവ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മിക്ക പെൺകുട്ടികൾക്കും അറിയില്ലെന്നത് വളരെ വേദനാജകമാണെന്നും ഡോക്‌ടര്‍ പറയുന്നു. ആർത്തവ സമയത്ത് ശുചിത്വം പാലിക്കാത്തത് അണുബാധ, മൂത്രാശയ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളിലോ ചെറുപട്ടണങ്ങളിലോ മാത്രമല്ല വൻ നഗരങ്ങളിൽ പോലും സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾ ശരിയായ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതും ആശങ്കയുളവാക്കുന്നതാണെന്ന് ഡോക്‌ടര്‍ വിജയലക്ഷ്‌മി വ്യക്തമാക്കി.
സാനിറ്ററി പാഡുകളോ ടാംപണുകളോ ഒരു ദിവസത്തില്‍ എത്ര തവണ മാറ്റി ഉപയോഗിക്കണമെന്ന് പോലും അറിയാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ശരീരം വൃത്തിയാക്കുന്നതിനായി രാസവസ്‌തുക്കള്‍ അടങ്ങിയ സോപ്പുകളോ മറ്റ് ഉല്‍പന്നങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഉപയോഗിച്ചതിന് ശേഷം സാനിറ്ററി പാഡുകൾ എങ്ങനെ സംസ്‌കരിക്കണമെന്നും അവർക്കറിയില്ല.
ജനനേന്ദ്രിയങ്ങൾ പതിവായി വൃത്തിയാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്‍റെ ശരിയായ രീതിയെക്കുറിച്ചും അടിവസ്ത്രങ്ങൾ ദിവസവും മാറ്റേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കൂടുതൽ അറിവില്ലാത്തവരുമുണ്ട്. യോനിയിലെ ശുചീകരണം ഡിസ്‌ചാർജ് വഴി സ്വയം നടക്കുന്ന തരത്തിലാണ് സ്ത്രീ ശരീരത്തിന്‍റെ ഘടനയെന്ന് അവർ വിശദീകരിക്കുന്നു. എന്നാൽ അടിവസ്ത്രങ്ങൾ ദീർഘനേരം മാറ്റാതിരുന്നാല്‍ അവയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈറസ് വിവിധ തരത്തിലുള്ള അണുബാധക്ക് കാരണമാകുമെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
ശുചിത്വവുമായി ബന്ധപ്പെട്ടുള്ള ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ രോഗങ്ങളെ ഒരു പരിധി വരെ കുറക്കാനാകും. ആരോഗ്യമുള്ള ഒരു പെൺകുഞ്ഞാണ് ആരോഗ്യമുള്ള സ്ത്രീയായി വളരുന്നുവെന്നും ആ സ്ത്രീ ആരോഗ്യവതിയാണെങ്കില്‍ മാത്രമെ അവൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയൂവെന്നും ഡോക്‌ടര്‍ പറയുന്നു. അതുകൊണ്ടാണ് കുട്ടിക്കാലം മുതൽ അവരുടെ ഭക്ഷണക്രമം, ശുചിത്വം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്.