ഹൈദരാബാദ് : ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും വ്യായാമവും അതിനൊപ്പം നല്ല ഉറക്കവും അത്യാന്താപേക്ഷിതമാണ്. പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കത്തിന്‍റെ സമയം കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ അത് ജീവിതത്തെ ദോഷകരമായി ബാധിക്കും.
ജീവിതത്തിന്‍റെ ശരാശരി മൂന്നിലൊരു ഭാഗം സമയം മനുഷ്യന്‍ ഉറക്കത്തിനായാണ് ചെലവഴിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സമകാലിക ജീവിതത്തിലെ തിരക്കുകളില്‍പ്പെട്ട് മിക്ക ആളുകള്‍ക്കും കൃത്യമായി ഉറങ്ങുന്നതിന് സാധിക്കാറില്ല. ജോലി ചെയ്യുന്നവരാണെങ്കില്‍ ഉറക്കത്തില്‍ കൃത്യത വരുത്തിയില്ലെങ്കില്‍ അത് അവരുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി ഉറക്കം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് അവരുടെ പഠനത്തെയും ബാധിക്കും.
പഠനവും വിദ്യാര്‍ഥികളുടെ ഉറക്കവും : രാത്രി ഉറക്കം വിദ്യാര്‍ഥികളുടെ പഠനത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കാര്‍ണഗീ മെലോണ്‍ സര്‍വകലാശാലയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോളജ് പഠന കാലത്താണ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉറക്കം നഷ്‌ടപ്പെടുന്നത്. കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സെമസ്റ്ററിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ ദിവസവും കൃത്യമായി ഉറക്കം ലഭിക്കാത്ത വിദ്യാര്‍ഥികളെ പഠനത്തിന് വിധേയരാക്കി. തുടര്‍ന്ന് അതേ വിദ്യാര്‍ഥികളില്‍ അവസാന സെമസ്റ്റര്‍ കാലഘട്ടത്തില്‍ വീണ്ടും പഠനങ്ങള്‍ നടത്തി.
തുടക്കം മുതല്‍ അവസാനം വരെ കൃത്യമായി ഉറക്കം ലഭിക്കാത്ത വിദ്യാര്‍ഥികളില്‍ നിരവധി നെഗറ്റീവ് ഫലങ്ങളാണ് കണ്ടെത്താനായത്. പഠന റിപ്പോര്‍ട്ടുകളെല്ലാം നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ പ്രൊസീഡിംഗില്‍ ലഭ്യമാണ്. ഉറക്കമെന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ സംരക്ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. കൗമാരക്കാര്‍ ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
പഠനം, ഓര്‍മ എന്നിവയ്‌ക്ക് ഉറക്കം നിര്‍ണായകമാണെന്ന് ഡൈട്രിച്ച് കോളജ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് പ്രൊഫസറായ ഡേവിഡ് ക്രെസ്‌വെൽ പറഞ്ഞു. പകല്‍ സമയങ്ങളില്‍ രൂപപ്പെട്ട ഓര്‍മ്മകള്‍ ഉറക്കത്തിന്‍റെ സമയങ്ങളിലാണ് ഏകീകരിക്കപ്പെടുന്നത്. സാധാരണ രീതിയിലുള്ള ഉറക്കം തടസപ്പെടുമ്പോള്‍ പകല്‍ സമയത്ത് പഠിച്ച കാര്യങ്ങളെല്ലാം ഓര്‍മയില്‍ നിന്ന് നഷ്‌ടപ്പെട്ട് പോകുന്നു. ഇത്തരത്തില്‍ നിരന്തരം ഉറക്കം നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് വിദ്യാര്‍ഥികളുടെ പഠനത്തിന് വലിയ വെല്ലുവിളി സൃഷ്‌ടിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.
മൂന്ന് സര്‍വകലാശാലകളില്‍ അഞ്ച് തവണകളായി നടത്തിയ പഠനങ്ങളിലാണ് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയത്. 600ലധികം വിദ്യാര്‍ഥികളെ പഠനത്തിന് വിധേയരാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ശരിയായി ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കാതിരുന്നാല്‍ അത് ശരീരത്തിന്‍റെ മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് ക്രെസ്‌വെൽ പറഞ്ഞു. കോളജ് വിദ്യാര്‍ഥികളില്‍ അധികം പേരും കൂടുതല്‍ ഉറക്കം ഒഴിവാക്കുന്നത് പഠനങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ രാത്രി കാലങ്ങളിലുണ്ടാകുന്ന പാര്‍ട്ടികളില്‍ പങ്കാളികളാകുന്നതിന് വേണ്ടിയോ ആണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ഉയരങ്ങളിലെത്താനുള്ള നിങ്ങളുടെ കഴിവിനെ ഇത്തരത്തിലുള്ള രാത്രി ഉറക്കം ഇല്ലാതാക്കിയേക്കും. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല കുട്ടികള്‍ ഉള്‍പ്പടെയുള്ളവരടക്കം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഉറക്കം. ശരിയായ ഉറക്കമാണ് ശരിയായ ആരോഗ്യം നല്‍കുക. ഉറക്കം ശരിയാകണമെങ്കില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ഉറക്കത്തിന്‍റെ സമയവും കിടപ്പ് മുറിയും : ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളും അടക്കം തങ്ങള്‍ക്ക് ശരിയായ 6 മണിക്കൂര്‍ തടസങ്ങളില്ലാതെ ഉറങ്ങാന്‍ കഴിയുന്ന സമയം തെരഞ്ഞെടുക്കണം. ദിവസവും കൃത്യ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. കിടക്കുന്ന സ്ഥലം നമുക്ക് ഉറങ്ങുന്നതിന് തടസങ്ങളൊന്നുമില്ലാത്തതാണെന്ന് ഉറപ്പ് വരുത്തണം. അതിനായി ശാന്തമായതും ഇരുട്ടുള്ളതുമായ സ്ഥലം വേണം തെരഞ്ഞെടുക്കാന്‍. അമിത തണുപ്പോ അല്ലെങ്കില്‍ അമിത ചൂടോ ഉള്ള കിടപ്പ് മുറിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളില്‍ കൃത്യത വരുത്തിയാല്‍ ആറ് മണിക്കൂര്‍ നല്ല ഉറക്കം ലഭിക്കും.
ഭക്ഷണ രീതിയും അമിത ഭക്ഷണവും : ഉറക്കത്തിനൊപ്പം ഭക്ഷണം കൂടി ക്രമീകരിക്കുമ്പോഴാണ് ആരോഗ്യകരമായ ജീവിതം നേടാനാവുകയുള്ളൂ. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഉറങ്ങുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നത് ചെറുതും വലുതുമായ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നു. രാത്രി കാലങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കരുത്.
രാത്രിയില്‍ ലഘുഭക്ഷണം പതിവാക്കുക. സാവധാനത്തില്‍ ചവച്ചരച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ഉള്‍പ്പെടുത്തുന്നത് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. പകല്‍ സമയങ്ങളില്‍ ലഭിക്കുന്ന ഇളം വെയിലില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ഡി സുഖപ്രദമായ ഉറക്കം പ്രദാനം ചെയ്യും.
വ്യായാമത്തിന്‍റെ പ്രാധാന്യം : പകല്‍ സമയങ്ങളിലെ പതിവായ വ്യായാമം രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാന്‍ കാരണമാകും. രക്ത സമ്മര്‍ദം കുറയ്‌ക്കുന്നതിന് വ്യായാമം അത്യുത്തമമാണ്. പേശികളുടെ പ്രവര്‍ത്തനത്തിനും അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും വ്യായാമം ഏറെ സഹായകരമാണ്. വ്യായാമത്തില്‍ കൃത്യത പാലിക്കുന്നത് ശരിയായ ഉറക്കം ലഭ്യമാക്കും.