വാഷിംഗ്‌ടൺ: ആഴ്‌ചയിൽ ഏഴ് യൂണിറ്റോ അതിലധികമോ മദ്യം കഴിക്കുന്നത് തലച്ചോറിലെ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ. മൂന്ന് പൈന്‍റ്, ശരാശരി വീര്യമുള്ള ബിയർ, അല്ലെങ്കിൽ അഞ്ച് ചെറിയ ഗ്ലാസ് കുറഞ്ഞ വീര്യമുള്ള വൈൻ എന്നിവ ഏഴ് യൂണിറ്റ് ആൽക്കഹോളിന് തുല്യമാണെന്ന് യുകെ നാഷണൽ ഹെൽത്ത് സർവിസ് (NHS). പഠനങ്ങൾ പിഎൽഒഎസ്(PLOS) മെഡിസിൻ ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു.
മദ്യപാനവും മസ്‌തിഷ്‌കത്തിൽ അടിഞ്ഞുകൂടുന്ന ഇരുമ്പിന്‍റെ അളവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാൻ 21,000ത്തിലധികം പങ്കാളികളെ ഉൾപ്പെടുത്തി. മസ്‌തിഷ്‌കത്തിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നത് പാർക്കിൻസൺസ്, അൽഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. മദ്യപാനം മൂലവും തലച്ചോറിൽ ഇരുമ്പ് അടിഞ്ഞു കൂടുന്നു. ഇത് മദ്യപാനം മൂലമുണ്ടാകുന്ന വൈജ്ഞാനിക തകർച്ചയ്‌ക്ക് കാരണമായേക്കാം
യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആഴ്‌ചയിൽ ഏഴോ അതിലധികമോ യൂണിറ്റുകളുടെ മദ്യപാനവും തലച്ചോറിലെ ഇരുമ്പിന്‍റെ ഉയർന്ന അളവും തമ്മിൽ പരസ്‌പര ബന്ധം കണ്ടെത്തി. മിതമായ മദ്യപാനം പോലും തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന് തെളിവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ പറഞ്ഞു. ഇതുവരെയുള്ള പഠനങ്ങളിൽ തലച്ചോറിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നത് ആഴ്‌ചയിൽ എഴ് യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കുന്നവരിലാണെന്ന് കണ്ടെത്തിയെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകനായ അനിയ ടോപിവാല പറഞ്ഞു.
മസ്‌തിഷ്‌കത്തിലെ ഉയർന്ന ഇരുമ്പിന്‍റെ അളവ്: മസ്‌തിഷ്‌കത്തിലെ ഉയർന്ന ഇരുമ്പിന്‍റെ അളവ് വൈജ്ഞാനിക തകർച്ചയ്‌ക്ക് കാരണമാകാമെന്നും അദ്ദേഹം വിശദീകരിച്ചു. യുകെ ബയോബാങ്കിൽ നിന്നുള്ള 20,965 സന്നദ്ധപ്രവർത്തകർ അവരുടെ മദ്യപാനത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകി. അവരുടെ തലച്ചോറ് പരിശോധിക്കാൻ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എംആർഐ) ഉപയോഗിച്ചു.
വിവരങ്ങൾ നൽകിയവരുടെ ശരാശരി പ്രായം 55 ആയിരുന്നു. അവരിൽ 48.6 ശതമാനം സ്‌ത്രീകളാണ്. ഇരുമ്പിന്‍റെ അളവ് നിർണയിക്കാൻ, ഏകദേശം 7,000 ആളുകളുടെ കരൾ എംആർഐ ഉപയോഗിച്ച് സ്‌കാൻ ചെയ്‌തു. തുടർന്ന് വൈജ്ഞാനിക, മോട്ടോർ വൈദഗ്‌ധ്യം എന്നിവ വിലയിരുത്തുന്നതിന് അടിസ്ഥാന പരിശോധനകൾ നടത്തി.
മോട്ടോർ വൈദഗ്‌ധ്യം: ഒരു നിശ്ചിത ചുമതല നിർവഹിക്കുന്നതിന് ശരീരത്തിന്‍റെ പേശികളുടെ പ്രത്യേക ചലനങ്ങൾ ഉൾപ്പെടുന്ന ഒരു പ്രവർത്തനമാണ് മോട്ടോർ വൈദഗ്‌ധ്യം. ഈ ജോലികളിൽ നടത്തം, ഓട്ടം എന്നിവ ഉൾപ്പെടാം.
ഈ പരിശോധനയിൽ പ്രതികരിച്ചവരിൽ 2.7 ശതമാനം പേർ മദ്യപിക്കാത്തവരാണ്. മോട്ടോർ വൈദഗ്‌ധ്യം, നടപടിക്രമ പഠനം, നേത്ര ചലനം, അറിവ്, വികാരം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന മസ്‌തിഷ്‌ക മേഖലകളിൽ ഇരുമ്പിന്‍റെ അടിഞ്ഞുകൂടലുമായി ബന്ധപ്പെട്ട പരിശോധനയിൽ ആഴ്‌ചയിൽ ഏഴ് യൂണിറ്റിലധികമുള്ള മദ്യപാനം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. തലച്ചോറിലെ ചില ഭാഗങ്ങളിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നത് മോശമായ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുന്നു.
പഠനത്തിന്‍റെ പരിമിതി: പഠനത്തിന്‍റെ ഒരു പരിമിതി എന്തെന്നാൽ, എംആർഐ ഉപയോഗിച്ചുള്ള പഠനത്തിൽ തലച്ചോറിൽ അടിഞ്ഞുകൂടിയ ഇരുമ്പിന്‍റെ പരോക്ഷ പ്രതിനിധാനങ്ങളാണ് ലഭിക്കുന്നത്. ഇതിൽ എത്രത്തോളമാണ് മദ്യപാനം മൂലം അടിഞ്ഞുകൂടിയ ഇരുമ്പ് എന്നും എത്രത്തോളമാണ് മറ്റ് കാരണങ്ങൾ മൂലം അടിഞ്ഞുകൂടിയ ഇരുമ്പെന്നും തരംതിരിച്ച് നിർണയിക്കാൻ കഴിയില്ല.
Also read: കാൻസര്‍ മരണം വര്‍ധിക്കാൻ കാരണം പുകവലിയും മദ്യപാനവുമെന്ന് പഠനം