ഭ്രൂണം രൂപപ്പെട്ട് 20 ആഴ്‌ചകൾക്കുള്ളിൽ നഷ്‌ടപ്പെടുന്ന അവസ്ഥയാണ് അബോർഷൻ അഥവ ഗർഭം അലസൽ. അബോർഷൻ ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും തളർത്തുന്ന അവസ്ഥയാണ്. അബോർഷന് ശാരീരിക അപകട സാധ്യതകൾ കുറവാണെങ്കിലും ഇത് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, വിഷാദം, ഉത്കണ്‌ഠ എന്നിവയിലേക്ക് നയിച്ചേക്കാം.
അബോർഷനുള്ള സാധ്യതയും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ വടക്കേ അമേരിക്കയിലെ സ്‌ത്രീകൾക്ക് വേനൽക്കാലത്ത്, പ്രത്യേകിച്ച് ഓഗസ്റ്റ് അവസാനത്തിൽ, ഗർഭാവസ്ഥയുടെ തുടക്കത്തിൽ അബോർഷനുള്ള സാധ്യത 44 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ഭ്രൂണം രൂപപ്പെട്ട് എട്ട് ആഴ്‌ചയ്ക്കുള്ളിൽ അബോർഷൻ ഉണ്ടാകാനുള്ള സാധ്യതയാണ് വേനൽക്കാലത്ത് വർധിക്കുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തൽ.
ഫെബ്രുവരി അവസാനത്തെ അപേക്ഷിച്ച് ഓഗസ്റ്റ് അവസാനത്തിൽ ഗർഭാവസ്ഥയുടെ ഏത് ആഴ്‌ചയിലും ഗർഭം അലസാനുള്ള സാധ്യത 31 ശതമാനം കൂടുതലാണ്. വേനൽക്കാലം ഏറ്റവും കഠിനമായ തെക്ക്, മധ്യപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബർ തുടക്കത്തിലും ഗർഭഛിദ്രം കൂടുതൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. അപ്രതീക്ഷിതമായ അബോർഷനിൽ ചൂട് കൂടിയ അന്തരീക്ഷത്തിന്‍റെയും പാരിസ്ഥിതിക അല്ലെങ്കിൽ ജീവിതശൈലിയുടെയും പങ്ക് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനം പറയുന്നു.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, ഗർഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകളിൽ നടത്തുന്ന പ്രെഗ്നൻസി സ്റ്റഡി ഓൺലൈനിൽ നിന്നുള്ള സർവേ ഡാറ്റ ഗവേഷകർ വിശകലനം ചെയ്‌തു. ഗർഭം ധരിച്ച 6104 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരിൽ നിന്നും ജീവിതശൈലി, മെഡിക്കൽ വിവരങ്ങൾ എന്നിവ ശേഖരിച്ചു. ഇവർ നൽകിയ അബോർഷനെ കുറിച്ചുള്ള വിവരങ്ങളിൽ നിന്നുമാണ് ഗവേഷകർ നിഗമനങ്ങളിലേക്കെത്തിയത്.
ക്ലിനിക്കൽ, ഫെർട്ടിലിറ്റി വിവരങ്ങളെ ആശ്രയിച്ചുള്ള മുൻ പഠനങ്ങളിൽ ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ സംഭവിക്കുന്ന അബോർഷനുകളെ അവഗണിച്ചിരുന്നു. വേനൽക്കാലത്ത് അമിതമായ ചൂടുമായി സമ്പർക്കത്തിൽ വരുന്നത് ഗർഭഛിദ്രത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം അനുമാനിക്കുന്നു.
വർധിച്ച ചൂട് മാസം തികയാതെയുള്ള പ്രസവം, നവജാത ശിശുവിന്‍റെ ഭാരക്കുറവ്, ചാപിള്ള എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ഇത് കുറയ്ക്കാൻ പൊതുജനാരോഗ്യ മാർഗനിർദേശങ്ങളും കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള നയങ്ങളും ആക്ഷൻ പ്ലാനുകളും അധികാരികൾ നടപ്പാക്കേണ്ടതുണ്ടെന്ന് ബോസ്റ്റൺ സർവകലാശാലയിലെ എപ്പിഡെമിയോളജി റിസർച്ച് അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. അമേലിയ വെസെലിങ്ക് പറഞ്ഞു.
Also Read: അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമ വിരുദ്ധമാവുന്നു : അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍