ഇന്ത്യയിൽ 100,000 ആളുകളിൽ 119 മുതൽ 145 വരെ ആളുകൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പ്രതിവർഷം രാജ്യത്ത് 1.44 മുതൽ 1.64 ദശലക്ഷം പേർക്കാണ് പക്ഷാഘാതം (സ്‌ട്രോക്ക്) ഉണ്ടാകുന്നു എന്നാണ് കണക്ക്. സ്‌ട്രോക്ക് അതിജീവിക്കുന്നവരിലും അവരുടെ കുടുംബാംഗങ്ങളിലും അത് ഉണ്ടാക്കുന്ന ശാരീരിക-മാനസിക-സാമ്പത്തിക ആഘാതങ്ങൾ വളരെ വലുതാണ്.
സ്ട്രോക്ക് സംഭവിക്കുന്ന വ്യക്തിക്ക് ആജീവനാന്ത വൈകല്യമോ അകാല മരണമോ ഏൽപ്പിക്കുന്നതിന് വരെ ഇത് കാരണമായേക്കാം. സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ അവഗണിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അത് വളരെ വിനാശകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. ഇത്തരത്തിൽ സ്‌ട്രോക്കിന്‍റെ ഒരു ലക്ഷണമാണ് ട്രാൻസിയന്‍റ് ഇസ്‌കെമിക് അറ്റാക്ക്(ടിഐഎ) അഥവാ മിനി സ്ട്രോക്ക്.
ടിഐഎയ്ക്ക് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 2-17 % വരെയാണെന്നാണ് കണ്ടെത്തലുകൾ പറയുന്നത്. മിനി സ്ട്രോക്ക് വന്നിട്ടുള്ള 33% പേരിലും മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ഒരു വർഷത്തിനുള്ളിൽ സാരമായ സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്.
എന്താണ് ടിഐഎക്ക് കാരണം?
തലച്ചോറിലേക്കുള്ള രക്തപ്രവാഹം വളരെ കുറഞ്ഞ സമയത്തേക്ക് (5 മിനിട്ടിൽ താഴെ) നിലച്ചാൽ സ്ട്രോക്കിൽ അനുഭവപ്പെടുന്നതു പോലെയുള്ള ന്യൂറോളജിക്കൽ ലക്ഷണങ്ങൾ കുറച്ചു സമയത്തേക്ക് അനുഭവപ്പെടാം. വളരെ പെട്ടന്നു തന്നെ അവ പഴയപടിയാകുകയും ചെയ്യും. ഈ അവസ്ഥയാണ് ടിഐഎ. മിനി സ്ട്രോക്ക് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങൾ സ്‌ട്രോക്കിനെ അപേക്ഷിച്ച് ചെറുതാണെങ്കിലും അവക്ക് അടിയന്തര പരിചരണം ആവശ്യമാണ്.
ടിഐഎ സ്ട്രോക്കിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനിയിലെ തടസം കാരണം രക്തത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടാൽ അത് തലച്ചോറിലെ ഓക്‌സിജൻ അഭാവത്തിന് കാരണമാകും. ഇത് ടിഐഎക്ക് കാരണമാകാം. എന്നാൽ മിനി സ്ട്രോക്കിൽ ഇത്തരം താൽകാലിക തടസങ്ങൾ വളരെ വേഗം നീക്കം ചെയ്യപ്പെടുകയും രക്തത്തിന്‍റെ ഒഴുക്ക് സാധാരണഗതിയിലേക്ക് വരുകയും ചെയ്യും.
മിനി സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ സാധാരണ നിലയിൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കും. എന്നാൽ ഇതിന് വിപരീതമായി സ്‌ട്രോക്ക് ഉണ്ടായാൽ കൂടുതൽ സമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസപ്പെടും. ഇത് സ്ഥിരമായ വൈകല്യങ്ങൾക്കോ മരണത്തിനോ വരെ കാരണമാകും.
എന്താണ് അപകട ഘടകങ്ങൾ?
ഒരു ജീവിതശൈലി രോഗമായ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത പൊതുവേ പുരുഷന്മാരേക്കാൾ സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രായം, പാരമ്പര്യം എന്നീ ഘടകങ്ങളും സ്ട്രോക്കിന് കാരണമാകാം. അമിതവണ്ണം, കരോട്ടിഡ് ആർട്ടറി രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ അവസ്ഥകളും സ്‌ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അമിതമായ പുകവലി, മദ്യപാനം, തെറ്റായ ആഹാരക്രമം, ആംഫെറ്റാമൈൻസ്, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും സ്‌ട്രോക്കിന് കാരണമാകും.
സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ
ശരീരത്തിന്‍റെ ഒരു വശത്തുണ്ടാകുന്ന ബലക്ഷയം, കണ്ണുകൾക്കും ചുണ്ടിനും ഉണ്ടാകുന്ന കോട്ടം, സംസാരിക്കാനും ചിരിക്കാനുമുള്ള ബുദ്ധിമുട്ട്, കൈകാലുകൾക്കുണ്ടാകുന്ന ബലക്ഷയവും മരവിപ്പും, കൈകൾ ഉയർത്തുന്നതിനുള്ള ബുദ്ധിമുട്ട്, ശരീരത്തിനുണ്ടാകുന്ന അസന്തുലിതാവസ്ഥ, കാഴ്‌ചക്കുറവ്, അവ്യക്തത, തലകറക്കം, മറ്റുള്ളവരെ മനസിലാക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാനമായും സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ.
സ്‌ട്രോക്ക് ഒഴിവാക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ?
സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നതിന് മെച്ചപ്പെട്ട ജീവിതശൈലി പിൻതുടരേണ്ടതും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.
പുകവലി ഉപേക്ഷിക്കുകയും നിഷ്‌ക്രിയ പുകവലിക്കുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുക
ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന പോഷകസമ്പൂർണമായ ഭക്ഷണം കഴിക്കുക
ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം കുറക്കുക
പതിവായി വ്യായാമം ചെയ്യുക
മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക
അമിതമായ ശരീരഭാരം നിയന്ത്രിക്കുക
ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് യഥാസമയം ചികിത്സ തേടുക.
രോഗനിർണയവും ചികിത്സയും
സമഗ്രമായ ശാരീരിക പരിശോധന, ന്യൂറോളജിക്കൽ പരിശോധനകൾ, എംആർഐ, ആൻജിയോഗ്രാഫി മുതലായവ പരിശോധനകൾ എന്നിവ വഴിയാണ് സാധാരണയായി രോഗനിർണയം നടത്തുന്നത്.
സ്‌ട്രോക്കിന്‍റെ തീവ്രതയനുസരിച്ച് രക്തം കട്ടപിടിക്കുന്നത് കുറക്കുന്ന മരുന്നുകൾ, കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള മരുന്നുകൾ, ശസ്‌ത്രക്രിയ(കരോട്ടിഡ് എൻഡാർട്ടറെക്‌ടമി), കരോട്ടിഡ് ആൻജിയോപ്ലാസ്റ്റി അഥവാ സ്റ്റെന്‍റിങ് എന്നിവ ചികിത്സ മാർഗമായി ചെയ്‌തുവരുന്നു.
മിനി സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ വളരെ വേഗം തന്നെ പോകുമെങ്കിലും എത്രയും പെട്ടന്ന് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ ഒരുപോലെ ആയതിനാൽ മിനി സ്ട്രോക്കാണോ സ്‌ട്രോക്കാണോ എന്ന് പ്രവചിക്കാൻ സാധ്യമല്ല.
നിലവിലെ സാഹചര്യത്തിൽ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ തടസം ഉണ്ടാകുന്നതിന് കൊവിഡ് കാരണമായേക്കാം. ഇത് പിന്നീട് മിനി സ്ട്രോക്കിനും സ്ട്രോക്കിനും ഇടവരുത്തും.
Also Read: ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നതിന്‍റെ കാരണങ്ങള്‍