ആഴ്‌ചയിൽ അഞ്ചുതവണയോ അതില്‍ കൂടുതലോ മാംസാഹാരം കഴിക്കുന്നവര്‍ക്ക് ക്യാൻസർ സാധ്യത കൂടുതലെന്ന് പുതിയ പഠനം. മെഡിക്കല്‍ ജേണലായ ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പഠനത്തിന് പിന്നില്‍. ഭക്ഷണ രീതിയും ക്യാൻസർ സാധ്യതയും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ചത്.
40നും 70നും ഇടയിൽ പ്രായമുള്ള 472,377 ബ്രിട്ടീഷുകാരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവര്‍ എത്ര തവണ മാംസവും മത്സ്യവും കഴിക്കുന്നുവെന്നും ശരാശരി 11 വർഷത്തിനിടയിൽ ഇവരില്‍ എത്ര പേര്‍ക്ക് അർബുദം കണ്ടെത്തിയെന്നും ഗവേഷക സംഘം പരിശോധിച്ചു.
പഠനവിധേയമാക്കിയവരില്‍ 52 ശതമാനം പേർ ആഴ്‌ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിച്ചവരാണ്. 44 ശതമാനം പേര്‍ ആഴ്‌ചയിൽ അഞ്ചോ അതിൽ കുറവോ തവണ മാംസം കഴിച്ചവരും. 2 ശതമാനം ആളുകള്‍ മാംസം ഒഴിവാക്കി മത്സ്യം മാത്രം കഴിച്ചപ്പോള്‍ 2 ശതമാനം സസ്യാഹാരം അല്ലെങ്കിൽ വീഗന്‍ രീതി പിന്തുടര്‍ന്നു.
പഠന കാലയളവില്‍ 54,961 പേര്‍ക്ക് (12 ശതമാനം) അർബുദം ബാധിച്ചു. ആഴ്‌ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്‌ചയിൽ അഞ്ച് തവണയോ അതിൽ കുറവോ മാംസം കഴിക്കുന്നവരിൽ മൊത്തത്തിലുള്ള കാൻസർ സാധ്യത 2 ശതമാനം കുറവാണെന്നും മത്സ്യം കഴിക്കുന്നവരിൽ 10 ശതമാനം കുറവാണെന്നും സസ്യാഹാരികളില്‍ 14 ശതമാനം കുറവാണെന്നും ഗവേഷകർ കണ്ടെത്തി.
Also read: വദനാർബുദത്തിന് പല കാരണങ്ങൾ ; ശ്രദ്ധിക്കേണ്ടവ
ആഴ്‌ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് കുറവ് ദിവസം മാംസം കഴിക്കുന്നവരില്‍ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 9 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. മത്സ്യം കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത 20 ശതമാനവും സസ്യാഹാരികളായ പുരുഷന്മാരിൽ 31 ശതമാനം കുറവാണെന്നും കണ്ടെത്തി.
ആഴ്‌ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്, ആർത്തവവിരാമത്തിന് ശേഷം പച്ചക്കറികള്‍ മാത്രം കഴിക്കുന്ന സ്‌ത്രീകൾക്ക് സ്‌തനാർബുദ സാധ്യത 18 ശതമാനം കുറവാണ്. മാംസം കഴിക്കുന്ന സ്‌ത്രീകളെ അപേക്ഷിച്ച് സസ്യാഹാരികളായ സ്‌ത്രീകൾക്ക് ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) കുറവായതാണ് ഇതിന് കാരണമെന്ന് പഠനം സൂചിപ്പിക്കുന്നു.