ധൻബാദ് (ജാർഖണ്ഡ്): റോഡപകടത്തിൽ ഓർമ നഷ്‌ടപ്പെട്ട വ്യക്തിക്ക് ശസ്‌ത്രക്രിയയിലൂടെ ഓർമ തിരികെ നൽകി ധൻബാദിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാർ. നിർസയിലെ കുസേദ നിവാസിയായ ഗൗരംഗ് സൂത്രധാർ എന്ന വ്യക്തിയ്ക്കാണ് ഈ വർഷം ഏപ്രിൽ 28ന് സംഭവിച്ച റോഡപകടത്തിൽ ഓർമ പൂർണമായും നഷ്‌ടപ്പെട്ടത്. അപകടത്തെ തുടർന്ന് ധൻബാദിലെ സരൈധേലയിലുള്ള ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
ശസ്‌ത്രക്രിയ ചെയ്‌താൽ മാത്രമേ ഗൗരംഗിന്‍റെ ഓർമ വീണ്ടെടുക്കാൻ കഴിയൂ എന്ന് ആശുപത്രിയിലെ ഡോക്‌ടർമാർ വിധിയെഴുതി. തുടർന്ന് മൂന്ന് മാസത്തോളം ശീതീകരിച്ച തലയോട്ടിയിൽ രണ്ട് ശസ്‌ത്രക്രിയകൾ നടത്തിയാണ് ശസ്‌ത്രക്രിയ സംഘം ഗൗരംഗിന്‍റെ ഓർമ വീണ്ടെടുത്തത്.
ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ലിംഗ്‌രാജ് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ശസ്‌ത്രക്രിയയ്ക്ക് പിന്നിൽ. അപകടത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും ശസ്‌ത്രക്രിയ കൂടാതെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലായിരുന്നുവെന്നും ഡോ. ത്രിപാഠി പറയുന്നു.
തുടർന്ന് ഗൗരംഗിന്‍റെ തലയോട്ടിയിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി തലയോട്ടി മൂന്ന് മാസം ശീതീകരിച്ചു. കട്ടപിടിച്ച രക്തം നീക്കം ചെയ്‌ത ശേഷം മറ്റൊരു ശസ്‌ത്രക്രിയയിലൂടെ തലയോട്ടി വച്ചുപിടിപ്പിച്ചു. ഇപ്പോൾ രോഗി പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്‍റെ ഓർമ മുൻപത്തേക്കാൾ മെച്ചപ്പെട്ടുവെന്നും ഡോ. ത്രിപാഠി അറിയിച്ചു.