ഇന്ത്യയിലെ ഭൂരിഭാഗം പേരുടെയും ഭക്ഷണത്തിന്‍റെ 60 ശതമാനത്തിലധികം കാർബോഹൈഡ്രേറ്റാണെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തില്‍ കാർബോഹൈഡ്രേറ്റിന്‍റെ അളവ് 40 ശതമാനത്തിൽ കൂടുതൽ ഉണ്ടാകാന്‍ പാടില്ല.
അതേസമയം ശരാശരി പ്രോട്ടീൻ ഉപഭോഗം 12 ശതമാനവും അല്ലെങ്കില്‍ കുറഞ്ഞത് 40 ശതമാനമായി വർധിപ്പിക്കണം. ഫാറ്റ് 20 ശതമാനം വരെയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഒരാൾ രണ്ട് മാസത്തേക്ക് സമീകൃതാഹാരം പിന്തുടരുകയാണെങ്കിൽ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പോഷകാഹാര വിദഗ്‌ധര്‍ പറയുന്നു.
ആരോഗ്യവിദഗ്‌ധന്‍ ഡോ. സുന്ദരരാമന്‍ പറയുന്നത്: കൃത്യസമയത്ത് ആവശ്യത്തിനനുസരിച്ച് ഭക്ഷണം കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ സ്‌പെക്‌ട്ര ആശുപത്രിയിലെ മെഡിക്കൽ എൻഡോക്രൈനോളജിസ്റ്റ് വിഭാഗത്തിലെ വിദഗ്‌ധന്‍ ഡോ.പി.ജി സുന്ദരരാമന്‍ പറയുന്നു. പ്രമേഹം ഒഴിവാക്കാന്‍ എന്തെല്ലാം ഭക്ഷണം കഴിക്കണം, പ്രമേഹബാധിതര്‍ ഭക്ഷണക്രമീകരണത്തിനായി എന്തെല്ലാം ഉള്‍പ്പെടുത്തണമെന്നും ഈനാട് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സുന്ദരരാമന്‍ വിശദമാക്കുന്നു.
ഭക്ഷണം ക്രമീകരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇഷ്‌ടഭക്ഷണം കാണുമ്പോള്‍ വിശപ്പടക്കാന്‍ നിര്‍ബന്ധിതനാകുന്നു. എന്നാല്‍ ഭക്ഷണത്തോടുള്ള അത്യാര്‍ത്തി ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്ന് വിദഗ്‌ധര്‍ പറയുന്നു. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് അമിതമായി വര്‍ധിക്കുവാന്‍ കാരണമാകുന്നു.
നമ്മുടെ ശരീരത്തിന് പൊതുവായി രണ്ട് തരത്തിലുള്ള പോഷകങ്ങളാണ് ആവശ്യം. ഒന്ന് സൂക്ഷ്‌മ പോഷകങ്ങൾ മറ്റൊന്ന് ബഹുപോഷകങ്ങള്‍. സൂക്ഷ്‌മ പോഷകങ്ങൾ ചെറിയ അളവില്‍ കാണപ്പെടുന്നു. ബഹുപോഷകങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ് എന്നിവയുള്‍പെടുന്നു.
കൃത്യമായ ഭക്ഷണക്രമം: കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തെ വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായകമാകുന്നു. കൂടാതെ രക്തത്തിലേയ്‌ക്ക് ഗ്ലൂക്കോസും പ്രധാനം ചെയ്യുന്നു. ഭക്ഷണത്തെ ദഹിപ്പിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നത് വഴി കോശങ്ങളില്‍ പ്രവേശിക്കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശരീരത്ത് കൃത്യമായി നടക്കണമെങ്കില്‍ ഒരു ശരാശരി വ്യക്തി ദിവസത്തില്‍ മൂന്ന് നേരവും ഭക്ഷണം കഴിക്കണം. മാത്രമല്ല നിശ്‌ചിത സമയത്തിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കണം. എല്ലാ ദിവസവും പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം തുടങ്ങിയവ കൃത്യ സമയത്ത് തന്നെ കഴിച്ചിരിക്കണം.
വൈകുന്നേരം 7.30ന് മുമ്പ് കഴിക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത്തരത്തില്‍ കൃത്യസമയത്ത് ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും.
ഇന്‍സുലിന്‍റെ പ്രവര്‍ത്തനം: നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും അതിവേഗം ഗ്ലൂക്കോസ് രക്തത്തിലേയ്‌ക്ക് കടക്കണമെങ്കില്‍ ഇന്‍സുലിന്‍ ആവശ്യമാണ്. ധാരാളം കാര്‍ബോഹൈഡ്രേറ്റ് കഴിച്ചെങ്കില്‍ മാത്രമെ ഗ്ലൂക്കോസിന്‍റെ ഉത്പാദനം ഉയരുകയള്ളു. വലിയ തോതിലുള്ള പ്രവര്‍ത്തനം ഇതിനാവശ്യമാണ്.
എന്നാല്‍ അമിത അളവിലുള്ള ഗ്ലൂക്കോസ് വളരെകാലം രക്തത്തില്‍ നിലനില്‍ക്കുന്നതിലൂടെ പാന്‍ക്രിയാസിന് ഭാരം വര്‍ധിപ്പിക്കുകയും ഇതിലൂടെ ഇന്‍സുലില്‍ ഉത്പാദനം തടയുകയും ചെയ്യുന്നു. ക്രമേണ ഇന്‍സുലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്യുന്നു. ഇത് രക്തത്തില്‍ അമിതമായ അളവില്‍ ഗ്ലൂക്കോസ് വര്‍ധിപ്പിക്കുയും പ്രമേഹത്തിലേയ്‌ക്ക് നയിക്കുകയും ചെയ്യുന്നു.
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാത്തപ്പോൾ വിറ്റാമിൻ ബി12ന്റെ കുറവ് സംഭവിക്കുന്നു. അതുകൊണ്ടാണ് പ്രമേഹരോഗികൾ കൂടുതൽ പച്ചക്കറികളും ഇലക്കറികളും കഴിക്കുവാന്‍ ഡേക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
50 ശതമാനത്തിലധികം കാര്‍ബോഹൈഡ്രേറ്റുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന് ദേഷം ചെയ്യുന്നു. പോളിഷ് ചെയ്‌ത അരിയും ഗോതമ്പും രക്തത്തില്‍ അതിവേഗത്തില്‍ ഗ്ലൂക്കോസ് ഉത്‌പാദിപ്പിക്കും. എന്നാല്‍ മറ്റ് ധാന്യങ്ങള്‍, ചോളം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ സാവധാനമാണ് ഗ്ലൂക്കോസ് ഉത്‌പാദിപ്പിക്കുക. ഉയര്‍ന്ന അളവില്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് അത്യുത്തമമാണ്.
പ്രമേഹത്തെ ചെറുക്കാന്‍ ആറു നേരം ഭക്ഷണം: പ്രോട്ടീന്‍റെ സഹായത്തോടെയാണ് കോശങ്ങളില്‍ ശരീര പോഷണം സാധ്യമാകുന്നത്. പേശികള്‍ക്ക് ആവശ്യം പ്രോട്ടീനാണ്. ഗ്ലൂക്കോസിന്‍റെ ശേഖരം പേശികളിലെ കോശങ്ങള്‍ക്കും ഗുണം ചെയ്യുന്നു.
പേശിയിതര കേശങ്ങള്‍ക്ക് ഗ്ലൂക്കോസ് വഹിക്കണമെങ്കില്‍ ഇന്‍സുലിന്‍ വളരെയധികം ആവശ്യമാണ്. ദിവസേനയുള്ള വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും അമിത അളവിലുള്ള ഇന്‍സുലിന്‍റെ ഉത്‌പാദനം തടയാനും പേശികളുടെ കരുത്ത് നിലനിര്‍ത്തുവാനും സഹായകമാകുന്നു. കഠിനാധ്വാനം, മിതമായ ഭക്ഷണം, എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇന്‍സുലിന്‍ കുത്തിവയ്‌പ് എടുക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഒരു ദിവസത്തില്‍ മൂന്ന് തവണ ലഘു ഭക്ഷണവും മൂന്ന് തവണ കനത്ത ഭക്ഷണവും കഴിക്കണം.
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ: ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മൂന്ന് ഘടകങ്ങൾ പരിഗണിക്കണം. ഇൻസുലിൻ സംവേദനക്ഷമത, അതായത്, ഇൻസുലിൻ പുറത്തുവിടാൻ നാം കഴിക്കുന്ന ഭക്ഷണം പാൻക്രിയാസിനെ ഉത്തേജിപ്പിക്കുമോ?, രണ്ടാമതായി, ഇൻസുലിൻ സ്രവണം, അതായത്, ഉത്തേജിപ്പിക്കപ്പെട്ടാൽ എത്ര ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുന്നു? മൂന്നാമത്തേത്, ഗ്ലൂക്കോസ് നീക്കം ചെയ്യാനെടുക്കുന്ന സമയം, അതായത്, രക്തത്തിലേക്ക് പുറത്തുവിടുന്ന ഗ്ലൂക്കോസ് എത്ര വേഗത്തിൽ കോശങ്ങളിലേക്ക് എത്തുന്നു തുടങ്ങിയ ഘടകങ്ങളാണ് പരിശേധിക്കേണ്ടത്.
ഇത്തരം ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, എല്ലാവർക്കും ഒരേ തരത്തിലുള്ള ഭക്ഷണക്രമം അനുയോജ്യമല്ലെന്ന് വ്യക്തമാകുന്നു. ഭക്ഷണത്തിന്റെ ഘടന വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍, ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നത് വഴി പ്രമേഹത്തെ അകറ്റി നിർത്താൻ സാധിക്കുന്നുവെന്ന് ഡോ. സുന്ദരരാമന്‍ നിര്‍ദേശിക്കുന്നു.