നെല്ലൂർ (ആന്ധ്രാപ്രദേശ്): ഹൃദയം ഉള്‍പ്പടെയുള്ള ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍. സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്‌തവും അസാധാരണവുമായ ഈ അവസ്ഥയെ മെഡിക്കല്‍ രംഗത്ത് ഡെക്‌ട്രോകാർഡിയ സിറ്റസ് ഇൻ വേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ ഹൃദ്രോഗം സംഭവിച്ച മധ്യവയസ്‌കന് വിജയകരമായി ശസ്‌ത്രക്രിയ നടത്തി ആന്ധ്രാപ്രദേശ് നെല്ലൂര്‍ ജില്ലയിലെ മെഡിക്കോവര്‍ ആശുപത്രി.
47കാരനായ തിരുപ്പതി റെഡ്ഡിയാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ആവശ്യമായ പരിശോധനകൾ നടത്തിയപ്പോൾ ആന്തരിക അവയവങ്ങള്‍ സ്ഥാനം മാറിയ നിലയിലാണെന്ന് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് തിരുപ്പതി റെഡ്ഡിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്.
നൂതന സാങ്കേതിക വിദ്യയുടെയും പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരുടെ സംഘത്തിന്റെയും സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇത്തരത്തില്‍ ലോകത്ത് നടക്കുന്ന 38-ാമതും ഇന്ത്യയിലെ അഞ്ചാമത്തെയും ശസ്‌ത്രക്രിയ ആണ് ഇതെന്നും മെഡിക്കോര്‍ ആശുപത്രിയിലെ കാർഡിയോതൊറാസിക് സർജൻ ഡോ.ത്രിലോക് പറഞ്ഞു. ലോകത്തിലെ 14-ാമത്തെ ഓഫ് പമ്പ് ബീറ്റിങ് ഹാർട്ട് സർജറിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.