ലോസ് ഏഞ്ചല്‍സ് : കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരില്‍ കുത്തിവയ്‌പ്പുകള്‍ക്ക് പകരമുള്ള ഗുളികകള്‍ ഇനി ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കെമിക്കല്‍ ടാഗ് സഹായിക്കുമെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കാന്‍സര്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ക്കുള്ള ചില മരുന്നുകള്‍ വെള്ളത്തില്‍ ലയിക്കുന്നവയാണ്.
അതിനാല്‍ വായിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുന്ന മരുന്നുകള്‍ക്ക് കുടലിലൂടെ കടന്ന് രക്തത്തിലേയ്ക്ക് എത്തുക സാധ്യമല്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഗുളികകള്‍ സംരക്ഷിക്കപ്പെടുന്ന രീതിയില്‍ കെമിക്കല്‍ ടാഗ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇത്തരം കെമിക്കല്‍ ടാഗുകള്‍ കുടലില്‍ നിന്ന് രക്തത്തിലേയ്ക്ക് മരുന്നുകളെ എത്തിക്കാന്‍ സഹായിക്കും.
ഒരു പ്രോട്ടീന്‍ കണത്തിന് സമാനമായ ചെറിയ പെപ്‌റ്റൈഡ് ടാഗാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. കാര്‍ലിഫോര്‍ണിയ സര്‍വകലാശാലയിലെ കെമിസ്‌ട്രി പ്രൊഫസറായ മിന്‍ സൂ ആണ് നിര്‍ണായകമായ ഈ കണ്ടെത്തലിന് നേതൃത്വം നല്‍കിയത്. ''ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത കെമിക്കല്‍ ടാഗ് താരതമ്യേന ചെറിയ തന്മാത്രകളായതിനാല്‍ മരുന്നുകളുമായോ മറ്റ് തന്മാത്രകളുമായോ രാസപരമായി ബന്ധിപ്പിക്കാന്‍ കഴിയും. ഇങ്ങനെ ടാഗുകള്‍ ബന്ധിപ്പിച്ചിട്ടുള്ള ഗുളികകള്‍ വായിലൂടെ നല്‍കാനും സാധിക്കും,'' സൂ പറഞ്ഞു.
''ഗവേഷണത്തിന്‍റെ സമയത്ത്, ഇത്തരമൊരു പെപ്‌റ്റൈഡ് വികസിപ്പിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഇത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇത്തരത്തില്‍ ഒരു കെമിക്കല്‍ ടാഗ് വികസിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. മറ്റൊരു പരീക്ഷണം ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ യാദൃശ്ചികമായാണ് ഈ കെമിക്കല്‍ ടാഗ് വികസിപ്പിച്ചെടുത്തത്,'' സൂ കൂട്ടിച്ചേര്‍ത്തു.
ആദ്യ പരീക്ഷണം എലികളില്‍ : സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ കെയ് ചെനിന്‍റെ ഗ്രൂപ്പുമായി സഹകരിച്ചാണ് മിന്‍ സൂവും സംഘവും കെമിക്കല്‍ ടാഗ് വികസിപ്പിച്ചെടുത്തത്. ശരീരത്തിലൂടെ സഞ്ചരിക്കാന്‍ പ്രാപ്‌തിയുള്ള അളവില്‍ പെപ്‌റ്റൈഡ് എലികൾക്ക് നൽകിയായിരുന്നു പരീക്ഷണം. പിഇടി സ്‌കാൻ ഉപയോഗിച്ച് പെപ്റ്റൈഡ് ആത്യന്തികമായി രക്തത്തിലൂടെ മൃഗങ്ങളുടെ അവയവങ്ങളിലേയ്ക്ക് എങ്ങനെ കടന്നുവെന്ന് സംഘം രേഖപ്പെടുത്തി.
വായിലൂടെ നല്‍കിയ ടാഗ് വിജയകരമായി രക്തത്തിലേയ്ക്ക് കടന്നു എന്ന് സംഘത്തിന് ബോധ്യമായി. പിന്നീട് ഇത്തരം ടാഗുകള്‍ ഗുളികകളുമായി ബന്ധിപ്പിച്ചാല്‍ ഫലപ്രദമായ റിസള്‍ട്ട് ലഭിക്കുമെന്ന് ഗവേഷക സംഘം നിഗമനത്തില്‍ എത്തി. ഇത് തെളിയിക്കാനുള്ള പരീക്ഷണത്തിലാണ് സൂവും സംഘവും. ''ഇന്‍സുലിന്‍ പോലുള്ള നിരവധി മരുന്നുകള്‍ കുത്തിവയ്‌പ്പ് രൂപത്തിലാണ് ലഭ്യമാകുന്നത്. എന്നാല്‍ ഞങ്ങളുടെ പരീക്ഷണം പൂര്‍ണമാകുന്നതോടെ ഈ സാഹചര്യം മാറും,'' മിന്‍ സൂ വ്യക്തമാക്കി.