രക്തം എത്തിക്കാന്‍ ഡ്രോണുകള്‍; പരീക്ഷണം നടത്തി ഐസിഎംആര്‍, രാജ്യത്താകെ സംവിധാനം വ്യാപിപ്പിക്കും - ഐസിഎംആർ ഡയറക്‌ടർ ജനറൽ
കൊവിഡ് മഹാമാരി കാലത്ത് എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആദ്യമായി ഐ ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചിരുന്നു. ഐസിഎംആർ, ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നോയിഡയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരീക്ഷണം.
ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ച് രക്തവിതരണം നടത്താനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഐഡ്രോണ്‍ സംരംഭത്തിന് കീഴില്‍ ഇന്ന് നടത്തുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡ്രോണ്‍ വഴിയുള്ള രക്തവിതരണം രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ രാജീവ് ബഹൽ പറഞ്ഞു. ഇന്ത്യയിൽ ഡ്രോൺ ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്ന ദേശീയ ദൗത്യത്തിന്‍റെ ഭാഗമാണ് ഡ്രോണ്‍ വഴിയുള്ള രക്തവിതരണം.
കൊവിഡ് മഹാമാരി കാലത്ത് എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആദ്യമായി ഐ ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചിരുന്നു. പരീക്ഷണത്തിന്‍റെ ഭാഗമായി കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട രക്തവും ബന്ധപ്പെട്ട ഉപകരണങ്ങളും ഡ്രോണ്‍ ഉപയോഗിച്ച് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് തങ്ങള്‍ മാറ്റിയെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ പറഞ്ഞു.
'പരീക്ഷണത്തിന് ശേഷം രക്തത്തിന്‍റെ താപനില നിലനിര്‍ത്തുക മാത്രമല്ല, കൊണ്ടുപോയ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഞങ്ങള്‍ കണ്ടെത്തി. അതേസമയം ആംബുലന്‍സ് വഴിയും രക്തവും ഉപകരണങ്ങളും അയച്ചിട്ടുണ്ട്. ഡ്രോണ്‍ വഴിയും ആംബുലന്‍സ് വഴിയും അയച്ച സാമ്പിളുകള്‍ തമ്മില്‍ വ്യത്യാസം ഒന്നും ഉണ്ടായില്ലെങ്കില്‍ രക്തം എത്തിക്കുന്നതിനായി രാജ്യത്തൊട്ടാകെ ഡ്രോണുകള്‍ ഉപയോഗിക്കും' -ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ രാജീവ് ബഹൽ പറഞ്ഞു.
ഡിജിറ്റൈസേഷന് പുറമെ വാക്‌സിനുകളുടെ കാര്യക്ഷമമായ നിര്‍മാണം, ദ്രുതഗതിയലുള്ള കൈമാറ്റ സംവിധാനം വികസിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യ ഒരുവര്‍ഷം കൊണ്ട് 90 ശതമാനം കവറേജ് നേടിയതായും ഡോ രാജീവ് ബഹല്‍ പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമെന്ന പദവിയിലേക്ക് വളര്‍ത്തുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ണായകമായ പരീക്ഷണം രാജ്യത്ത് ആദ്യമായാണ് നടക്കുന്നത്. ഐസിഎംആർ, ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നോയിഡയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരീക്ഷണം. ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനും ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജിനുമിടയിലാണ് ആദ്യമായി രക്തം കൈമാറ്റം ചെയ്‌ത് പരീക്ഷണം നടത്തിയത്. 10 യൂണിറ്റ് രക്ത സാമ്പിളുകളാണ് കൈമാറിയത്.
രക്തം, വാക്‌സിനുകൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങള്‍ തുടങ്ങിയവ, കൂടാതെ അവയവങ്ങൾ വിദൂര, ഗ്രാമീണ മേഖലകളിലേക്കോ അടിസ്ഥാന സൗകര്യങ്ങൾ കുറവായ പ്രദേശങ്ങളിലേക്കോ എത്തിക്കാൻ ചില രാജ്യങ്ങൾ ഇതിനകം ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഘാനയിൽ, ഡ്രോണ്‍ ഉപയോഗിച്ചുള്ള രക്ത വിതരണം ദശലക്ഷ കണക്കിന് ആളുകള്‍ക്കാണ് സഹായകമാകുന്നത്.
അതേസമയം ഡ്രോണുകള്‍ക്ക് നിയന്ത്രണമുള്ള, തിരക്കേറിയ വിമാന ഗതാഗതമുള്ള അമേരിക്കയുടെ ഗ്രാമ പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് രക്തം എത്തിക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കാരണം ഗ്രാമങ്ങളില്‍ രക്ത ബാങ്കുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ലഭ്യത കുറവാണ്.
Also Read: കൊവിഡ് ഇനി മഹാമാരിയല്ല; ആഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന