മതിയായ അളവില്‍ പച്ചക്കറികള്‍ കഴിക്കേണ്ടത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും ഒരു കലവറയാണ് പച്ചക്കറികള്‍. കൂടാതെ പച്ചക്കറികളില്‍ നാരുകളും(Fibers) അടങ്ങിയിരിക്കുന്നു. വന്‍കുടലിലെ വിസര്‍ജ്യ വസ്‌തുക്കളുടെ സഞ്ചാരത്തെ സുഗമമാക്കുന്നതിന് സഹായിക്കുന്ന നാരുകള്‍ സസ്യാഹാരത്തിലൂടെ മാത്രമെ ലഭിക്കുകയുള്ളൂ.
ചില പച്ചക്കറികളില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതും കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതുമായ പോഷകഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്. അങ്ങനെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു പച്ചക്കറിയാണ് കാരറ്റ്. നിങ്ങളുടെ കൊളസട്രോള്‍ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് കാരറ്റ് സഹായിക്കും.
കാരറ്റ് കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു: കാരറ്റിലടങ്ങിയ വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ (soluble fiber) കൊളസ്ട്രോളിനെ കുറയ്‌ക്കാന്‍ സഹായിക്കുന്നു. കാരറ്റിലടങ്ങിയ വിറ്റാമിന്‍ എ ആന്‍റിഒക്‌സിഡന്‍റായ ബീറ്റകരോട്ടിന്‍ ഹൃദ്രോഗങ്ങളെ തടഞ്ഞ്നിര്‍ത്തുന്നു. കാരറ്റില്‍ വിറ്റാമിന്‍ എ ധാരളം അടങ്ങിയിട്ടുള്ളതുകൊണ്ട് അത് കണ്ണിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കാരറ്റില്‍ അടങ്ങിയ ലൂട്ടിയന്‍ എന്ന പിഗ്‌മെന്‍റ് കണ്ണിന്‍റെ മക്കുലയുടെ അപചയ(macular degeneration) സാധ്യത കുറയ്‌ക്കുന്നു. കണ്ണിന്‍റെ കാഴ്ച ശക്‌തിക്കും കാരറ്റ് വളരെ നല്ലതാണ്.
'ന്യൂട്രിയന്‍സ്' എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് കൊളസ്ട്രോളും ഭക്ഷ്യവസ്‌തുക്കളിലെ നാരുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ്. വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ മാത്രമല്ല ലയിക്കാത്ത നാരുകളും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ പല ഹൃദ്രോഗങ്ങളേയും കാരറ്റ് കഴിക്കുന്നതിലൂടെ തടയാന്‍ സാധിക്കുന്നു.
കാരറ്റ് വിറ്റാമിന്‍ എയുടെ കലവറ: കൊഴുപ്പിന്‍റെ ഒരു രൂപമായ കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ പറ്റിപിടിച്ച് രക്തത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമ്പോഴാണ് പല ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നത്. മറ്റൊരു മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ഒരു ദിവസം 25 ഗ്രാം നാരുകള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടാല്‍ അത് വണ്ണം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിച്ച് നിര്‍ത്തുന്നു എന്നാണ്.
കാരറ്റില്‍ അടങ്ങിയ ബീറ്റ കരോട്ടിന്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നതോടൊപ്പം സ്ട്രോക്ക്, ചില കാന്‍സറുകള്‍ എന്നിവയും തടഞ്ഞുനിര്‍ത്തുന്നു. ഈ ആരോഗ്യപരമായ ഗുണങ്ങള്‍ കാരറ്റിന് ഉള്ളതുകൊണ്ട് തന്നെ സലാഡുകളിലും, കറികളിലും കാരറ്റ് ഉള്‍പ്പെടുത്തുക.