വാഷിങ്‌ടൺ (യുഎസ്): ദിവസവും ഒരുപിടി ബദാം കഴിക്കുന്നത് വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തിന് ഗുണകരമെന്ന് പഠനം. ലണ്ടൻ കിങ്സ് കോളജിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ബദാം കുടലിന്‍റെ ആരോഗ്യത്തിന് ഉത്തമമാണെന്ന കണ്ടെത്തല്‍. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബദാമില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നാണ് കണ്ടെത്തല്‍. ബാക്‌ടീരിയകള്‍ ഉള്‍പ്പെടെ ഉപകാരപ്രദമായ നിരവധി സൂക്ഷ്‌മ ജീവികളാണ് മനുഷ്യന്‍റെ കുടലില്‍ കഴിയുന്നത്. ഇത്തരം സൂക്ഷ്‌മ ജീവികള്‍ ദഹനത്തിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടറേറ്റ് കുടലില്‍ ഇത്തരം സൂക്ഷ്‌മ ജീവികളുടെ സന്തുലനം ഉറപ്പാക്കുന്നു.
പഠനം ഇങ്ങനെ: നിശ്ചിത അളവില്‍ കുറവ് ഫൈബര്‍ കഴിക്കുകയും ചോക്ലേറ്റ്, ചിപ്‌സ് തുടങ്ങിയ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്ന 87 മുതിര്‍ന്ന ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഒരു ഗ്രൂപ്പിന് 56 ഗ്രാം വീതം മുഴുവനായുള്ള ബദാമും രണ്ടാമത്തെ ഗ്രൂപ്പിന് 56 ഗ്രാം വീതം പൊടിച്ച ബദാമും മൂന്നാമത്തെ ഗ്രൂപ്പിന് മഫിനുകളും നല്‍കി. മഫിന്‍ കഴിച്ച ഗ്രൂപ്പിനെ അപേക്ഷിച്ച് മറ്റു രണ്ടു ഗ്രൂപ്പുകളിലെ ആളുകളില്‍ ബ്യൂട്ടറേറ്റിന്‍റെ അളവ് വര്‍ധിച്ചതായി കണ്ടെത്തി. നാല് ആഴ്‌ചയോളം നീണ്ട പരീക്ഷണത്തിനൊടുവിലാണ് കണ്ടെത്തല്‍.
എന്താണ് ബ്യൂട്ടറേറ്റ്: വൻകുടലിലെ കോശങ്ങളുടെ പ്രധാന ഇന്ധന സ്രോതസായ ഒരു ഫാറ്റി ആസിഡാണ് ബ്യൂട്ടറേറ്റ്. കുടലിലെ ഗുണകരമായ സൂക്ഷ്‌മജീവികള്‍ തഴച്ചു വളരുന്നതിനും കുടലിലെ കോശങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യും. കൂടാതെ കുടല്‍ ഭിത്തി ശക്തമാകുന്നതിനും കുടല്‍ വീക്കം ഉണ്ടാകാതിരിക്കുന്നതിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും ബ്യൂട്ടറേറ്റ് സഹായിക്കും.
പഠനത്തിലെ മറ്റു കണ്ടെത്തല്‍: ബദാം കഴിച്ചവരില്‍ മഫിന്‍ കഴിച്ചവരെക്കാള്‍ കൂടുതലായ മലവിസര്‍ജ്ജനം നടന്നതായും കണ്ടെത്തി. ഇതില്‍ നിന്നും, ബദാം കഴിക്കുന്നത് മലബന്ധമുള്ളവര്‍ക്കും ഗുണം ചെയ്യുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. എന്നാല്‍ ഭക്ഷണം കുടലിലൂടെ കടന്നു പോകാനെടുക്കുന്ന സമയത്തില്‍ കാര്യമായ മാറ്റമൊന്നും മൂന്നു ഗ്രൂപ്പിലുള്ളവരില്‍ കാണാനായില്ല.