തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സർക്കാർ മാർഗ നിർദേശം വന്നു. 2018 നവംബർ 18 നും 2021 നവംബർ 7 നും ഇടയിൽ വന്ന ഒഴിവുകളിലെ നിയമനങ്ങൾ താത്കാലികമായി അംഗീകരിക്കാം എന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.
1996 മുതൽ 2017 വരെയുള്ള നിയമനങ്ങളിൽ നടപ്പാക്കേണ്ടിയിരുന്ന ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ 2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നികത്തണമെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നികത്താതെ 2018 നവംബർ മുതൽ നടത്തിയ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാരും അറിയിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർമാരും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും ഹൈക്കോടതിയിൽ ഹർജി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾക്ക് താത്കാലിക അംഗീകാരം നൽകാൻ ഹൈക്കോടതി കഴിഞ്ഞ 13ന് ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ മാർഗ നിർദേശം ഇപ്രകാരം
- ഭിന്നശേഷി ഉദ്യോഗാർഥി സംവരണ ഒഴിവിൽ പ്രവേശിക്കുന്നത് വരെ അവരുടെ ഒഴിവിൽ തുടരുന്നവർ യോഗ്യരാണെങ്കിൽ താത്കാലികമായി അംഗീകരിച്ച് അലവൻസ് അടക്കം സ്കെയിൽ അനുസരിച്ചുള്ള ശമ്പളം നൽകും. എന്നാൽ പെൻഷൻ , വാർഷിക ഇൻഗ്രിമെന്‍റുകൾ എന്നിവ അനുവദിക്കില്ല. യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിക്കുന്ന മുറയ്ക്ക് ഈ അധ്യാപകരെ ഒഴിവാക്കും.
- യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ട് സ്‌കൂൾ മാനേജർ എംപ്ലോയ്മെന്‍റ് ഓഫിസർക്ക് നൽകിയ അപേക്ഷ ഫോമിന്‍റെ പകർപ്പും ഒഴിവുകളുടെ വിവരങ്ങളും ഹാജരാക്കി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നിലവിലുള്ളവർക്ക് താത്കാലിക അംഗീകാരം നൽകുകയുള്ളൂ.
- ഭിന്നശേഷി ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കുമ്പോൾ പുറത്തു പോകേണ്ടി വരുന്ന ഉദ്യോഗാർഥികൾക്ക് ആ സ്‌കൂളിലോ അതേ മാനേജ്മെന്‍റിന് കീഴിലെ മറ്റ് സ്‌കൂളുകളിലോ പിന്നീട് ഉണ്ടാകുന്ന ജനറൽ വിഭാഗം ഒഴിവുകളിൽ യോഗ്യത അനുസരിച്ച് പുനർ നിയമനത്തിന് അവകാശം ഉണ്ടായിരിക്കും.
- സംവരണ നിയമനത്തിനായി യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെങ്കിൽ ആ ഒഴിവിൽ താതാകാലിക നിയമന അംഗീകാരത്തോടെ തുടരുന്നയാളിനെ നിയമനം നേടിയ തീയതി മുതൽ തന്നെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താം.
- 2021 നവംബർ 7 ന് ശേഷമുണ്ടായ ഒഴിവുകളിൽ ദിവസം അടിസ്ഥാനത്തിൽ നിയമനം തുടരാം. ഭിന്നശേഷി സംവരണം പാലിക്കുമ്പോൾ ക്രമപ്രകാരം ആണെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ തുടരുന്നവരെ നിയമന തീയതി മുതൽ റഗുലറായി ക്രമീകരിക്കാം
ഭിന്നശേഷി അധ്യാപകരുടെ സംവരണ നിയമനം വൈകിയത് നിയമസഭയിലും ചർച്ചയായിരുന്നു. എന്നാൽ, നിയമനം വൈകിയതിൽ സർക്കാർ കുറ്റക്കാരല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. 2021-22 അധ്യയന വർഷങ്ങളിൽ കൊവിഡ് മഹാമാരിയെ തുടർന്ന് സ്‌കൂളുകൾ തുറക്കാത്തതിനാൽ പുതിയ നിയമനങ്ങൾ നടന്നില്ല.
2021 മുതലുള്ള ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ തുടർന്നുണ്ടായ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. കോടതി ഉത്തരവ് പ്രകാരം എയ്‌ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.