കോട്ടയം: ഒരു കത്തിലൂടെ നാടിനെ മുഴുവൻ കരയിച്ച നഴ്‌സ് ലിനിയെ മലയാളികൾക്കൊരിക്കലും മറക്കാനാകില്ല. അന്ന് കേരളത്തിലെ കോഴിക്കോട് ജില്ലയെ നിപ ഭീതിയിലാഴ്‌ത്തിയെങ്കില്‍ ഇന്ന് ലോകം മുഴുവനുമാണ് കൊവിഡ് രോഗത്തിന്‍റെ പിടിയിലായിരിക്കുന്നത്. ഈ വേളയിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നിസ്വാർഥസേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരാണ് വൈറസ് ബാധിതരായ ഓരോരുത്തരുടെയും ശക്തിയും രക്ഷയും.
കേരളത്തിൽ രണ്ടാമതായി കൊവിഡ് പിടിപ്പെട്ടപ്പോൾ ഇറ്റലിയിൽ നിന്നെത്തിയ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനിടെയാണ് നഴ്‌സ് രേഷ്‌മക്ക് വൈറസ് പിടിപെടുന്നത്. വാർഡിലെ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങുന്നതിന് മുമ്പാണ് രേഷ്‌മയിൽ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. പ്രായം ചെന്ന രോഗികളായിരുന്നതിനാൽ വൈറസ് ബാധിതരുമായി രേഷ്‌മക്ക് അടുത്തിടപഴകേണ്ടി വന്നിരുന്നു. മഹാമാരി തന്നിലേക്ക് പ്രവേശിച്ചുവെന്നറിഞ്ഞപ്പോഴും രേഷ്‌മ പതറിയില്ല. ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യവും, ഭർത്താവ് പകർന്ന് നൽകിയ ധൈര്യവും രേഷ്‌മക്ക് വലിയ പിന്തുണയായി. ഇപ്പോൾ കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലെക്ക് മടങ്ങിയെത്തിയതും വീണ്ടും തന്‍റെ കർമ്മമണ്ഡലത്തിലേക്ക് വ്യാപൃതയായിരിക്കുകയാണ് രേഷ്‌മ. മാർച്ച് 24ന് രോഗം സ്ഥിരീകരിച്ച് ചികത്സയിൽ പ്രവേശിച്ചതിന് ശേഷം ചുരുങ്ങിയ കാലയളവിലാണ് രേഷ്‌മ കൊറോണ വൈറസിനെ തന്നിൽ നിന്നും തുരത്തിയത്. കൊവിഡിനെ ശരീരത്തിൽ നിന്നും തുരത്തിയ രേഷ്‌മ ഏത് സാഹചര്യത്തിലും കൊവിഡ് രോഗികളെ ശുശ്രൂഷിക്കാൻ ഒരുക്കമാണെന്ന് ആവർത്തിക്കുകയാണ്