വയനാട് : മേപ്പാടിയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്റ്റില്‍. മേപ്പാടി കർപ്പൂരക്കാട് എരുമത്തടത്തിൽ പടിക്കൽ വീട്ടിൽ വാവി എന്ന രൂപേഷിനെയാണ്(39) കൊലപാതക കുറ്റത്തിന് മേപ്പാടി സിഐ എ ബി വിബിൻ അറസ്റ്റ് ചെയ്‌തത്. മേപ്പാടി കോട്ടപ്പടി കുന്നമംഗലം വയൽ കാവുണ്ടത്ത് മുഹമ്മദലിയുടെ മകൻ മുർഷിദ് (23) ആണ് കുത്തേറ്റ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെ കർപ്പൂരക്കാട് എന്ന സ്ഥലത്തുവച്ചാണ് സംഭവം. മുർഷിദിൻ്റെ സുഹൃത്തിൻ്റെ സ്‌കൂട്ടറിൻ്റെ താക്കോൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. മുർഷിദിൻ്റെ സുഹൃത്ത് നിഷാദിനും(25) കുത്തേറ്റിട്ടുണ്ട്.
രൂപേഷ് വിവിധ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. എസ് ഐ സിറാജ്, എസ്‌സിപിഒ നജീബ്, സിപിഒ സഹൽ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.