വയനാട് : പെൺകരുത്തിന് ഐക്യദാര്‍ഢ്യവുമായി വനിത വ്ളോഗർമാരും സ്ത്രീ മാധ്യമ പ്രവർത്തകരും കല്‍പ്പറ്റയിലെ ചീങ്ങേരി മല കയറി. യുക്രൈനിലെ യുദ്ധത്തിൽ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വനിതാദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.
വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25ലേറെ സ്ത്രീ വ്ളോഗർമാരും ഉണ്ടായിരുന്നു. ഡി.ടി.പി.സി, ഗ്ലോബ് ട്രക്കേഴ്‌സ്, വിവിധ മാധ്യമ പ്രവര്‍ത്തക സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ട്രക്കിംഗിൽ 50 വനിതകള്‍ പങ്കെടുത്തു. സാഹസികതയും ദൃശ്യഭംഗിയും കൂടി ചേര്‍ന്ന ചീങ്ങേരി മല കയറ്റം വ്‌ളോഗര്‍മാര്‍ക്ക് പുത്തൻ അനുഭവമായി.
മലമുകളിൽ എത്തിയവർ ലോക സമാധാനത്തിനാഹ്വാനം ചെയ്ത് വെള്ള പതാകകൾ വീശി. സമുദ്ര നിരപ്പിൽ നിന്ന് 2600 അടി ഉയരമുണ്ട് ചീങ്ങേരി മലയ്ക്ക്. മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞ മലയുടെ മുകളിൽ എത്താൻ താഴെ നിന്ന് രണ്ട് കി.മീ ദൂരം താണ്ടണം.