വയനാട്: കേന്ദ്ര സര്‍ക്കാരിന്‍റെ പരിസ്ഥിതി വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ പ്രതിഷേധ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ്. ഫെബ്രുവരി എട്ടിന് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. ഇന്ന് കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം. രാവിലെ ആറ് മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യും. 16ന് പഞ്ചായത്ത് തലങ്ങളിൽ യുഡിഎഫ് വിളംബരജാഥ നടത്തും. വിജ്ഞാപനത്തിന് പിന്നാലെ ജില്ലയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
കൂടുതല്‍ വായനയ്ക്ക്:വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതിന്‍റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്‍റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.