വയനാട് : വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. വിലങ്ങാടി കുറുമ കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്‍റെ സംസ്‌കാരത്തിനായി വനത്തിനുള്ളിലെ ശ്‌മശാനത്തിലേക്ക് കുഴിയെടുക്കാൻ പോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ ബാലന്‍റെ ഒരു ചെവി അറ്റുപോവുകയും, മറ്റേ ചെവിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ തോളെല്ലിനും സാരമായി പരിക്കേറ്റു. സുകുമാരന്‍റെ കൈക്ക് പൊട്ടലുണ്ട്. ഇരുവരും വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ(24-1-2023) രാത്രി മരിച്ച ഇവരുടെ പിതാവ് സോമന്‍റെ മൃതദേഹം മറവുചെയ്യാൻ വനത്തിനുള്ളിലെ ശ്‌മശാനത്തിൽ കുഴിയെടുക്കാൻ പോകുന്ന വഴിയാണ് ഇവരെ കാട്ടാന അക്രമിച്ചത്. വെട്ട കുറുമ വിഭാഗത്തിൽപ്പെടുന്ന ഇവരുടെ ശ്‌മശാനം വനത്തിനുള്ളിലാണ്.
സോമന്‍റെ മൃതദേഹം മറവുചെയ്യുന്നതിനായി കുറച്ച് ബന്ധുക്കളടക്കമുള്ളവർ രാവിലെ വനത്തിനുള്ളിലെ ശ്‌മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ബാലനും, സുകുമാരനും അവിടേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർമാരായ എകെ സിന്ധു, കെ മുകുന്ദൻ, ഫോറസ്‌റ്റ് വാച്ചറായ കെ വിനീത എന്നിവർ ആശുപത്രിയിലെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.