വയനാട്: മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട് അടിവാരം സ്വദേശി അബുവിനാണ് പരിക്കേറ്റത്. മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം. പച്ചക്കറി എടുക്കാൻ കർണാടകയിലേക്ക് പോകാൻ എത്തിയതായിരുന്നു അബു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാണ് വനത്തിലേക്ക് പോയത്. ഈ സമയം ആന ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ അബുവിനെ സുൽത്താൻ ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ സാരമായ പരിക്കുള്ളതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.