വയനാട്: പുല്‍പ്പള്ളിയില്‍ റോഡരികിലെ ഓവുചാലില്‍ കുടുങ്ങിയ കാട്ടുപന്നിയെ വനപാലകര്‍ വെടിവച്ചു കൊന്നു. പൂതാടി ചീയമ്പം 73ന് സമീപമാണ് സംഭവം. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് ഓടയില്‍ കാല് കുടുങ്ങിയ നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തിയത്.
പ്രദേശത്ത് ആഴ്‌ചകളായി കൃഷി നശിപ്പിക്കുന്ന പന്നിയാണിതെന്ന് മനസിലായതോടെ പന്നിയെ വെടിവച്ചു കൊല്ലാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ് ദിലീപ് കുമാര്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.
തുടര്‍ന്ന് ഓടയിലുള്ള പന്നിയുടെ ജഡം നീക്കം ചെയ്‌തു. പുല്‍പ്പള്ളി പഞ്ചായത്തില്‍ ഇത് രണ്ടാം തവണയാണ് കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നത്. കഴിഞ്ഞ ജനുവരിയില്‍ വീടിന് സമീപത്തുള്ള കിണറ്റില്‍ വീണ പന്നിയെ വെടിവച്ച് കൊന്നിരുന്നു. മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Also read: റോഡരികിൽ കാട്ടുപന്നി പ്രസവിച്ചു: രക്ഷാപ്രവര്‍ത്തനവുമായി വനപാലകര്‍