വയനാട്: മുട്ടിൽ മരംമുറി കേസിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തുന്നത്. റവന്യൂ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. കൽപറ്റ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസിൽ നിന്നും വനം വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. സർക്കാരിൽ നിക്ഷിപ്‌തമായ മരങ്ങൾ മോഷണം പോയി എന്ന ഡെപ്യൂട്ടി തഹസിൽദാരുടെ പരാതിയിൽ 68 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മരം വിറ്റ ഭൂമിയുടെ ഉടമസ്ഥരായ ആദിവാസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ മരം മുറിക്കാൻ കരാർ എടുത്തവരും മരം മുറിച്ച തൊഴിലാളികളും പ്രതികളിൽ ഉൾപ്പെടുന്നു.
മരം മുറിച്ചു കടത്താൻ ശ്രമിച്ച വയനാട് വാഴവറ്റ സ്വദേശികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരും പ്രതികളാണ്. മരം മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദിവാസികളുടെ ഭൂമിയിൽ നിന്ന് മരം മുറിച്ചതെന്ന് റവന്യൂ വകുപ്പ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ കേസിലും അന്വേഷണം ഉടൻ ആരംഭിക്കും.
Also Read: വയനാട് മുട്ടില്‍ മരം മുറി : അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍