വയനാട്: അധികൃതരുടെ നിരന്തര അവഗണനയിൽ ദുരിതമനുഭവിക്കുകയാണ് വയനാട് എടവക പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയം. ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച എൽ പി സ്‌കൂളിൽ, സൗകര്യങ്ങള്‍ എല്ലാമുണ്ടായിട്ടും ഇതുവരെ യു പി അനുവദിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. പ്രദേശത്തെ ചില സ്വകാര്യ സ്‌കൂളുകളെ സഹായിക്കാനാണ് ഒത്തുകളി എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
1896ലാണ് എടവക പഞ്ചായത്തിലെ പള്ളിക്കലിൽ ഈ എൽ പി സ്‌കൂൾ സ്ഥാപിതമായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സർക്കാർ സ്‌കൂൾ, അധികൃതരുടെ അവഗണനയില്‍ ദുരിതമനുഭവിക്കുകയാണ് ഇപ്പോൾ. സ്‌കൂളിൽ യു പി അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
സർക്കാർ വിദ്യാലയത്തിനെതിരായ പ്രവർത്തനങ്ങൾക്ക് അധികൃതർ തന്നെ കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സൗകര്യങ്ങളെല്ലാമുണ്ടായിട്ടും യു പി സ്‌കൂൾ അനുവദിക്കുന്നില്ല എന്നതിലോ എൽ പി സ്‌കൂളിന്‍റെ ഭാഗമായി ഉണ്ടായിരുന്ന അഞ്ചാം ക്ലാസുതന്നെ എടുത്തു കളഞ്ഞു എന്നതിലോ മാത്രം ഒതുങ്ങുന്നില്ല ഈ വിദ്യാലയത്തിനെതിരായ ദ്രോഹ നടപടികൾ. മാസങ്ങളായി സ്‌കൂൾ മൈതാനത്ത് മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ നീക്കാനോ, കാലാവധി കഴിഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനോ അധികൃതർ തയ്യാറായിട്ടില്ല.
സ്‌കൂൾ ബസ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. യു പി സ്‌കൂളിന് യോഗ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തന്നെ സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് ഈ മെല്ലെപ്പോക്കെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും എന്ന് അവകാശപ്പെടുന്ന മുന്നണികൾ മാറി മാറി ഭരിച്ചിട്ടും പള്ളിക്കൽ എല്‍ പി സ്‌കൂളിന്‍റെ ന്യായമായ ആവശ്യങ്ങൾക്കു നേരെ അധികൃതർ മുഖം തിരിക്കുകയാണ്.
അടിയന്തര ആവശ്യമെന്ന നിലയിൽ യു പി അനുവദിക്കണം എന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ഇതിനായി വിശദമായ പിടിഎ യോഗവും പൂർവ വിദ്യാർഥി സംഗമവും വിളിച്ചു ചേർക്കാനും സ്‌കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.