വയനാട്: വിംസ് മെഡിക്കൽ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി നീളുന്നു. കഴിഞ്ഞ ജൂണിലാണ് വിംസ് മെഡിക്കൽ കോളജ് വിട്ടുനൽകാൻ തയ്യാറാണെന്നറിയിച്ച് ഉടമ ഡോ. ആസാദ് മൂപ്പൻ സർക്കാരിന് കത്തു നൽകിയത്. ഇതേ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മെഡിക്കൽ കോളജ് സന്ദർശിക്കുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫ. ഡോ. കെ.വി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിംസ് മെഡിക്കൽ കോളജിൽ പരിശോധന നടത്തിയത്. മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിന് അനുകൂലമായാണ് സമിതിയുടെ റിപ്പോർട്ട് എന്നാണ് സൂചന. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിൽ നിലവിലുള്ള ജീവനക്കാരെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 150 സീറ്റാണ് മെഡിസിൻ പഠനത്തിന് വിംസ് മെഡിക്കൽ കോളജിലുള്ളത്. ഫാർമസി, ഡെന്‍റൽ കോഴ്സുകളുമുണ്ട്.