വയനാട്: ജില്ലയില്‍ മെഡിക്കൽ കൊളജ് സ്ഥാപിക്കുന്നതുമായി ബന്ധപെട്ട് ഇത്തവണത്തെ ബജറ്റിലും ആശയക്കുഴപ്പം. വയനാട്ടിൽ മെഡിക്കൽ കൊളജ് സ്ഥാപിക്കുന്നതിന് ഇത്തവണത്തെ ബജറ്റിൽ കിഫ് ബി യിൽ 300 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അതേസമയം 128 ആം പേജിൽ വയനാട് മെഡിക്കൽ കൊളജിൽ സ്പെഷ്യൽ സർവീസുകളും അവശ്യംവേണ്ട ആരോഗ്യ ജീവനക്കാരെയും നിയമിക്കും എന്ന് പറയുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കൊളജ് ഏറ്റെടുക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. എന്നാൽ സർക്കാർ പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചു.പുതിയ സ്ഥലം കണ്ടെത്തി മെഡിക്കൽ കൊളജ് സ്ഥാപിക്കും എന്നാണ് പിന്നീട് പറഞ്ഞത് .
അതേ സമയം ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് മെഡിക്കൽ കൊളജ് ആക്കി ഉയർത്തണെമെന്നാണ് ഒരു വിഭാഗം ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്ന ആവശ്യം. മെഡിക്കൽ കോളേജിന് വേണ്ടി കഴിഞ്ഞ സർക്കാർ മടക്കിമലയിൽ കണ്ടെത്തിയ ഭൂമിയിൽ തന്നെ മെഡിക്കൽ കൊളജ് സ്ഥാപിക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. അതേസമയം ചുണ്ടേലിൽ പുതിയ ഭൂമി ഈ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിൽ മെഡിക്കൽ കൊളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.