വയനാട്: ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിലെ ഭൂരിഭാഗം സർവീസുകളുമാണ് ഇന്ന് രാവിലെ 10 മണിയോടെ മുടങ്ങിയത്. ഉൾനാടൻ പ്രദേശങ്ങളിലേക്ക് മാത്രമാണ് ഇന്ന്(ഓഗസ്റ്റ് 4) കൽപ്പറ്റയിൽ നിന്നും സർവീസുകൾ നടത്തിയത്.
ശനിയാഴ്‌ചയാണ് ജില്ലയിൽ അവസാനമായി ഡീസലെത്തിയത്. കഴിഞ്ഞ ദിവസം വിദ്യാലയങ്ങൾ ഉൾപ്പെടെ അവധിയായതിനാൽ ഡീസൽ ക്ഷാമം ജനങ്ങളെ ബാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ പൊതുജനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗം വിദൂര സർവീസുകളായ ബസുകളും ഇന്ധനം നിറച്ചത്. എന്നാൽ ഇന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലയ്ക്ക് പുറത്തുള്ള മറ്റ് ഡിപ്പോകളിലും ഡീസൽ ലഭ്യമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. മാസം 16 ഡ്യൂട്ടി എടുത്താൽ മാത്രമേ ശമ്പളം തരുള്ളൂ എന്നിരിക്കെ, ഡീസൽ ലഭ്യമല്ലാത്ത പക്ഷം തൊഴിലാളികളുടെ ശമ്പള കാര്യത്തിലും ഇന്ധന ക്ഷാമം പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്.