വയനാട്/തിരുവനന്തപുരം: തലപ്പുഴയില്‍ ജീപ്പ് (Jeep) കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന തേയിലത്തോട്ടം (Tea Plantation) തൊഴിലാളികളാണ് മരിച്ചത്. റാണി, ശാന്ത, ശോഭന, മേരിഅക്ക, വസന്ത, റാബിയ, ചിന്നമ്മ, ഷാജ, ലീല തുടങ്ങിയവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു (Wayanad Kannothmala Jeep Accident).
കണ്ണോത്ത് മലയ്ക്ക് (Kannothmala) സമീപമാണ് ജീപ്പ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരെല്ലാം തന്നെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപകടത്തില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ ഡ്രൈവര്‍ മണിയും ഉള്‍പ്പെടും. ഇവരെയെല്ലാം ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം വയനാട് (Wayanad) സ്വദേശികളാണ്. വെള്ളിയാഴ്‌ച (25.08.2023) വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കെഎൽ 11 ബി 5655 നമ്പർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ഏകോപനത്തിന് മന്ത്രി എ കെ ശശീന്ദ്രന്‍: കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ച സംഭവത്തിൽ പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാൻ കൂടുതല്‍ ഫോറന്‍സിക് സര്‍ജന്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അനുശോചിച്ചു. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്‍റെ കണ്ണീരൊപ്പാനും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനും നാടാകെ ജാഗ്രത പാലിച്ച് സാധ്യമാകുന്ന എല്ലാ സഹായവും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.