വയനാട്: നൂറ്റാണ്ടിലെ വലയ സൂര്യഗ്രഹണം ദർശിക്കാൻ വയനാട്ടിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം. വിവിധ ശാസ്ത്ര സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
വ്യാഴാഴ്ച നടക്കുന്ന വലയ സൂര്യഗ്രഹണം കാണാൻ കൽപ്പറ്റയിലും മീനങ്ങാടിയിലുമാണ് ജില്ലാഭരണകൂടം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കൽപ്പറ്റയിൽ സി.കെ ശശീന്ദ്രൻ എംഎൽഎയും മീനങ്ങാടിയിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞൻ ഡോക്ടർ സബ്യസാചി ചാറ്റർജിയും പരിപാടികൾ ഉദ്ഘാടനം ചെയ്യും. സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകളും സൂര്യഗ്രഹണം കാണാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അമ്പലവയൽ ചീങ്ങേരി മലയിൽ വിനോദസഞ്ചാര വകുപ്പ് പ്രത്യേകം സൗകര്യം ഒരുക്കും. ആദിവാസി ഊരുകളിലും ഗ്രഹണം കാണാൻ ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.