വയനാട്: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. കർശന നടപടിക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞയാഴ്‌ച മൂന്ന് ശതമാനമായിരുന്നു വയനാട് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇപ്പോൾ ഇത് 5.6% ആയി. സുൽത്താൻ ബത്തേരി, കൽപ്പറ്റ നഗരസഭകളിലും പനമരം ഗ്രാമപഞ്ചായത്തിലുമാണ് ജില്ലയിൽ കൂടുതൽ രോഗ ബാധിതർ ഉള്ളത്. 50 മുതൽ 80 വരെ കേസുകളാണ് ഇവിടെ സ്ഥിരീകരിക്കുന്നത്.
ജില്ലയിൽ നടത്തിയ പഠനത്തിൽ ജനസംഖ്യയുടെ 10%ൽ താഴെ ആളുകൾക്ക് മാത്രമാണ് രോഗ പ്രതിരോധശേഷി കൈവരിക്കാനായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ട്. ഇതുതടയാൻ പരിശോധനയും സാമ്പിൾ ശേഖരണവും ഊർജ്ജിതമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.