വയനാട്: വിലയിടിവു മൂലം വയനാട്ടിൽ കാപ്പി കർഷകർ ദുരിതത്തിൽ. വിളവെടുക്കേണ്ട സമയത്ത് പെയ്‌ത മഴയിൽ കാപ്പി ചെടികൾ പൂത്തതും കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. എട്ടു വർഷം മുൻപ് ഒരു ക്വിൻ്റൽ കാപ്പി പരിപ്പിന് 15,600 രൂപ വില കിട്ടിയിരുന്നു. എന്നാല്‍ നിലവില്‍ ഒരു ക്വിന്‍റൽ കാപ്പി പരിപ്പിന് 11,500 രൂപയാണ് ലഭിച്ചത് .
കൃഷിച്ചെലവും കൂലിച്ചെലവും എല്ലാം കൂടിയെങ്കിലും കാപ്പി പരിപ്പിന്‍റെ വില താഴേക്കാണ് പോകുന്നത്. കഴിഞ്ഞ രണ്ട് സംസ്ഥാനബജറ്റിലും വയനാട്ടിലെ കാപ്പി കർഷകർക്ക് വേണ്ടി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിൻറെ ഗുണം സാധാരണ കർഷകർക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഇതിനിടെയാണ് കാലം തെറ്റി പെയ്‌ത മഴയിൽ വിളവെടുക്കേണ്ട സമയത്ത് തന്നെ കാപ്പി ചെടികൾ പൂത്തത്. പൂക്കൾ കൊഴിയാതിരിക്കാൻ കർഷകർക്ക് ഇനി നനക്കേണ്ടിവരും. സംസ്ഥാനത്ത് ഏറ്റവും അധികം കാപ്പി ഉത്പാദിപ്പിക്കുന്നത് വയനാട്ടിലാണ്.