വയനാട്: ജില്ലാ ബിജെപിയിലെ തർക്കം സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്കും നീളുന്നു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് കക്കടം, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി മനോജ് നായർ എന്നിവർ രാജിവെച്ചു.ബിജെപി ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്‌ത യുവമോർച്ച നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ പറഞ്ഞു. യുവമോർച്ച നേതാക്കളായ ദീപു പുത്തൻപുര, ലിലിൽ കുമാർ എന്നിവരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവർത്തകരും രാജിവെച്ചിരുന്നു.
READ MORE: ബത്തേരി കോഴ വിവാദം; ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും
രണ്ട് മണ്ഡലം കമ്മിറ്റികളും എട്ട് പഞ്ചായത്ത് കമ്മിറ്റികളും നിരവധി പ്രവർത്തകരും രാജിവെച്ചതിനു പിന്നാലെയാണ് ഇന്ന് ഹിന്ദുഐക്യവേദി, സേവാഭാരതി നേതാക്കളും രാജിവെച്ചത്. ബത്തേരിയിലെ കോഴ വിവാദത്തെത്തുടർന്ന് ബിജെപിയിൽ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ജില്ലാ പ്രസിഡന്‍റ് ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാർ എന്നിവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചത്.
വയനാട് കോഴ വിവാദം
നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സികെ ജാനുവിന് മത്സരിക്കാൻ കോഴ നൽകിയെന്നാണ് ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിക്കുന്ന ശബ്‌ദരേഖ ജെആർപി ട്രഷറർ പ്രസീത പുറത്ത് വിട്ടിരുന്നു.
സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സ്ഥാനാർഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. തുടർന്ന് കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട് ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിനാണ് അന്വേഷണ ചുമതലയുള്ളത്.
READ MORE: സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ്