വയനാട്: കേരള- കർണാടക അതിർത്തിയില്‍ ലഹരി കടത്തുന്നത് തടയാൻ കർശന നടപടി എടുക്കുമെന്ന് എസ്.പി ആർ.ഇളങ്കോ പറഞ്ഞു. അതിർത്തി പൂർണമായും അടച്ചിടുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ആണ് ലഹരി കടത്ത് നൂറ് ശതമാനം തടയാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. ലഹരി കടത്തിനെക്കുറിച്ച് ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
കർണാടകത്തിലെ മൈസൂരു, ഷിമോഗ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും ലഹരി വസ്തുക്കൾ എത്തിക്കുന്നത്. കബനിയുടെ ആഴംകുറഞ്ഞ ഭാഗങ്ങളിലൂടെ അതിർത്തിയിലുള്ള പെരിക്കല്ലൂർ, ബാവലി മേഖലയിലേക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുകയാണ് പതിവ്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ലഹരി കടത്ത് കൂടിയെന്ന് നാട്ടുകാരും പരാതി പറഞ്ഞിരുന്നു. ഈ മേഖലയിൽ പരിശോധന വീണ്ടും ശക്തമാക്കുമെന്ന് എസ്‌പി പറഞ്ഞു. എന്നാൽ അതിർത്തി പൂർണമായും അടച്ചിടുന്നതിന് പരിമിതികളുണ്ട്. കർണാടകത്തിൽ നിന്ന് വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നത് നൂറ് ശതമാനവും തടഞ്ഞു എന്ന് പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.