വയനാട്: ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. കൊവിഡ് പോസിറ്റീവായവര്‍, ക്വാറന്‍റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
6,16,112 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,13,311 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 31.67 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് ജില്ലയിൽ വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്.
Also Read: വാക്‌സിനേഷന്‍ യജ്ഞം വിജയം; ഒരാഴ്‌ചക്കിടെ വിതരണം ചെയ്‌തത് 24 ലക്ഷത്തിലധികം ഡോസ്
ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും 28 മൊബൈൽ ടീമുകളെ സജ്ജമാക്കിയാണ് വാക്‌സിനേഷന്‍ ഉറപ്പാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കാനായും പ്രത്യേകം ശ്രദ്ധിച്ചു.
636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്‍റെ ഭാഗമായി.